a

പാലാ : മദ്യപിച്ചതിന്റെ പേരിൽ പൊലീസ് മർദ്ദിച്ചെന്ന് ആരോപിച്ച് മെഡിക്കൽ കോളേജിൽ ചികിത്സതേടി എ.എസ്‌.ഐയുടെ സസ്‌പെൻഷന് കാരണക്കാരനായ ഒാട്ടോ ഡ്രൈവറെ കഞ്ചാവുമായി എക്‌സൈസ് പിടികൂടി. പോണാട് കുന്നത്തുമാട്ടേൽ അഖിൽ ബോസ് (32) ആണ് കടയം ഭാഗത്തുനിന്ന് പിടിയിലായത്. രണ്ട് പൊതികളിലായി 40 ഗ്രാം കഞ്ചാവു പിടിച്ചെടുത്തതായും മാത്തൻ ബിജു എന്ന കഞ്ചാവ് ഏജന്റിന്റെ വില്പനക്കാരനാണ് ഇയാളെന്നും എക്‌സൈസ് പറയുന്നു. വാഹനവും കസ്റ്റഡിയിലെടുത്തു.
ആശുപത്രി ജംഗ്ഷനിൽ ഓട്ടോറിക്ഷ ഓടിക്കുന്ന അഖിൽ ബോസിനെ രണ്ടാഴ്ച മുമ്പ് വാഹനപരിശോധനക്കിടെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വൈദ്യപരിശോധനയിൽ മദ്യപിച്ചിരുന്നതായി രേഖപ്പെടുത്തിയിരുന്നതിനാൽ കേസെടുത്തു. മദ്യപിച്ചിരുന്നില്ലെന്നും കാൻസറിനു മരുന്നു കഴിക്കുന്നുണ്ടെന്നും പറഞ്ഞിട്ടും പൊലീസ് വിശ്വസിച്ചില്ലെന്നും മർദ്ദിച്ചുവെന്നും ആരോപിച്ച് അഖിൽ ബോസ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സതേടി. തുടർന്ന് ആരോപണവിധേയനായ എ.എസ്‌.ഐ ജോബി ജോർജിനെ സസ്‌പെൻഡ് ചെയ്തിരുന്നു. ഇതിന് ശേഷം ഇന്നലെയാണ് അഖിലിനെ എക്‌സൈസ് സി.ഐ ബിജുവിന്റെ നേതൃത്വത്തിൽ പിടികൂടുന്നത്.