പാലാ: സ്‌കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥികളും ബസ് ഡ്രൈവറും ആയയും ഉൾപ്പെടെ 30 പേർക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. ഡ്രൈവർ അരുണാപുരം ഗിരിജഭവൻ അനിൽകുമാർ (61), വിദ്യാർത്ഥി റിച്ചാർഡ് (11) എന്നിവരൊഴികെ മറ്റെല്ലാവരും ആശുപത്രി വിട്ടു. അനിലിന്റെ കാലിന് സാരമായ പരിക്കുണ്ട്. ഛർദ്ദിയുണ്ടായതിനാൽ റിച്ചാർഡ് നിരീക്ഷണത്തിലാണ്.
ഇന്നലെ രാവിലെ 8.30 ഓടെ വള്ളിച്ചിറ ചെറുകര വലവൂർ വഴിയിൽ മങ്കൊമ്പ് ക്ഷേത്രത്തിന് സമീപം ഇട റോഡിലാണ് അപകടമുണ്ടായത്. പാലാ ചാവറ പബ്ലിക് സ്‌കൂളിന്റെ മിനി ബസാണ് അപകടത്തിൽപ്പെട്ടത് റോഡിൽ നിന്ന് തെന്നിമാറിയ ബസ് സമീപത്തെ വീടിനോടു ചേർന്ന മാവിൽ ഇടിച്ചു നിന്നതിനാൽ വൻ ദുരന്തം ഒഴിവായി.വീടിന് ചെറിയ കേടപാടുകൾ സംഭവിച്ചിട്ടുണ്ട്. വീട്ടിൽ ആളുണ്ടായിരുന്നെങ്കിലും ആരും അപകടത്തിൽ പെട്ടില്ല. ഡ്രൈവർ തുമ്മിയപ്പോൾ വാഹനം നിയന്ത്രണം വിട്ടതാണെന്ന് വിദ്യാർത്ഥികൾ പറഞ്ഞതായി പൊലീസ് അറിയിച്ചു.
വാഹനത്തിലെ ആയ ശ്രീജ (38), വിദ്യാർത്ഥികളായ ക്രിസ്റ്റി തോമസ് (14), ലയ (7), നിവേദിത (8), നിയ(4), ക്രിസ്റ്റി (11),അതുൽ (9), ജൂവൽ മരിയ (7), അൽഫോൻസ (9), എബ്രാഹം (9), ഇമ്മാനുവൽ (5), ഡോണ (6), കല്യാണി (7),അലീന (14), സീതാലക്ഷ്മി (12), ആന്റോ (5), റെഷീദ് (8), ജന്നിഫർ (14), അയോണ (8), ജ്യോത്സ്‌ന (11), സാം (14), ആരോൺ (7), കെവിൻ (6), ജോയി (10), വിനീത് (15), ജോജോ (13), ശ്രീലക്ഷ്മി (11), ഷാരോൺ (11) എന്നിവരാണ് പ്രഥമ ശുശ്രൂഷകൾക്ക് ശേഷം ആശുപത്രി വിട്ടത്.
നാട്ടുകാരും അഗ്‌നിശമന സേനയും പൊലീസും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വാഹനം പരിശോധിച്ചു.