അടിമാലി: ദേശിയപാതയിലെ നേര്യമംഗലം വനമേഖലയിൽ അപകട ഭീഷണി ഉയർത്തിയിരുന്ന മരങ്ങൾ മുറിച്ച് നീക്കാൻ നടപടി ആരംഭിച്ചു.മഴകനത്തതോടെ കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയിലെ നേര്യമംഗലം വനമേഖലയിൽ മരങ്ങൾ കടപുഴകി വീണുള്ള അപകടങ്ങൾ തുടർച്ചയായതോടെയാണ് അപകട ഭീഷണി ഉയർത്തുന്ന മരങ്ങൾ മുറിച്ച് നീക്കാൻ വനംവകുപ്പിന് കളക്ടർ നിർദ്ദേശം നൽകിയത്.ഇതിൻ പ്രകാരം നേര്യമംഗലം പാലം മുതൽ വാളറ വരെയുള്ള ഭാഗത്തെ 45 മരങ്ങൾ മുറിച്ച് നീക്കും.രാവിലെ പത്ത് മണിയോടെ വാളറ ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാരുടെ നേതൃത്വത്തിൽ മരങ്ങൾ മുറിച്ച് നീക്കുന്ന നടപടികൾ ആരംഭിച്ചു.മരുത്,ഈയൽവാക,ഇരുള്,ചടച്ചി തുടങ്ങിയ മരങ്ങളാണ് മുറിച്ച് നീക്കുന്നവയിൽ ഉൾപ്പെട്ടിട്ടുള്ളത്.വർഷങ്ങൾക്ക് മുമ്പ് ചീയപ്പാറ ദുരന്തത്തെ തുടർന്ന് അടിമാലിയിൽ എത്തിയ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി മരങ്ങൾ മുറിച്ച് നീക്കണമെന്ന് നിർദ്ദേശം നൽകിയിരുന്നു. മാസങ്ങൾക്ക് മുമ്പ് ദേവികുളം തഹസീൽദാരും മരങ്ങൾ മുറിച്ച് നീക്കാൻ ഉത്തരവിട്ടു.ഉത്തരവുകൾ നിലനിൽക്കുമ്പോഴും മരങ്ങൾ മുറിച്ച് നീക്കുന്ന കാര്യത്തിൽ മാത്രം വനംവകുപ്പ് തുടർ നടപടികൾ കൈകൊണ്ടിരുന്നില്ല. ഇത്തവണ മഴക്കാലം ആരംഭിക്കുകയും മരങ്ങൾ കടപുഴകി വീണുള്ള അപകടങ്ങൾ തുടർക്കഥയാവുകയും ചെയ്തതോടെയാണ് മരംമുറിക്കാൻ കളക്ടർ വനംവകുപ്പിന് നിർദ്ദേശം നൽകിയത്.രണ്ട് മൂന്ന് ദിവസങ്ങൾ കൊണ്ട് നിർദ്ദേശിക്കപ്പെട്ട മരങ്ങൾ മുറിച്ച് നീക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുറിച്ച് നീക്കപ്പെട്ട മരങ്ങൾ നേര്യമംഗലം ഫോറസ്റ്റ് സ്റ്റേഷനിൽ എത്തിക്കുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.