അടിമാലി: അടിമാലിയിലും ഇനി ആരും പണമില്ല എന്നതിന്റെ പേരിൽ വിശന്ന് വലയേണ്ട . അടിമാലി റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ പദ്ധതിയുമായി സഹകരിച്ച് അർഹതപ്പെട്ടവർക്ക് ഉച്ചയ്ക്ക് ഒരു നേരത്തേ ഭക്ഷണം നൽകുന്നു . റോട്ടറി ക്ലബ്ബിന്റെ അന്ന പൂർണ്ണം പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 4ന് അടിമാലി ഗ്രാമപഞ്ചായത്ത് ടൗൺ ഹാളിൽ ജില്ലാ കളക്ടർ എച്ച്.ദിനേശൻ നിർവ്വഹിക്കും .ഭക്ഷണ കൂപ്പണുകളുടെ വിതരണം റോട്ടറി അസി. ഗവർണർ ബേസിൽ എബ്രഹാം നിർവ്വഹിക്കും.യോഗത്തിൽ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് സന്തോഷ് പാൽക്കോ അദ്ധ്യക്ഷത വഹിക്കും. അഡ്വ.കെ. റെയ്ഞ്ച് സ്വാഗതവും. ഡോ. എം.വി. പൗലോസ് കൃതജ്ഞതയും പറയും.
പത്രസമ്മേളനത്തിൽ സന്തോഷ് പാൽക്കോ, ബിജു ബാലൻ ,ഗോപകുമാർ എന്നിവർ പരിപാടികൾ വിശദീകരിച്ചു.
കൂപ്പണുകൾ ലഭിക്കും
സൗജന്യ ഭക്ഷണ കൂപ്പണുകൾ അടിമാലി മജിസ്‌ട്രേറ്റ് കോടതിയ്ക്ക് സമീപം പ്രവർത്തിക്കുന്ന ജനമൈത്രി പൊലീസ് കാന്റീൻ അനക്‌സിൽ നിന്നും കൂപ്പണുകൾ ലഭിക്കും.ഉച്ചക്ക് 12 മുതൽ 2.30 വരെയുള്ള സമയങ്ങളിൽ അടിമാലി ടൗണിലെ ഹോട്ടൽ പാൽക്കോ, ഹോട്ടൽ മെസ്സ് ബാൻ. കാംകോ ജംഗഷനിലെ ഹോട്ടൽ സൽക്കാര എന്നിവടങ്ങളിൽ നിന്നും ഭക്ഷണം ലഭിക്കും.