ചങ്ങനാശേരി: പായിപ്പാട് ഗ്രാമപഞ്ചായത്ത് പ്രാഥമിക ആരോഗ്യകേന്ദ്രം സംസ്ഥാനസർക്കാരിന്റെ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബാരോഗ്യകേന്ദ്രമാക്കി ഉയർത്തിയ ആശുപത്രിയും, വയോജനകേന്ദ്രവും, അജൈവമാലിന്യ സംഭരണ യൂണിറ്റും നാടിനു സമർപ്പിച്ചു. പായിപ്പാട്കുടുംബാരോഗ്യകേന്ദ്രത്തിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ഷൈലജ ടീച്ചറും, വയോജനകേന്ദ്രത്തിന്റെ ഉദ്ഘാടനം സി എഫ് തോമസ് എം എൽ എയും അജൈവ മാലിന്യ സംഭരണ യൂണിറ്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ വി കെ സുനിൽകുമാറും നിർവഹിച്ചു. പായിപ്പാട് ഗ്രാമപഞ്ചായത്തിനു ഭരണ നിർവഹണത്തിനു ലഭിച്ച ഐ എസ് ഒയുടെ പ്രഖ്യാപനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലൈസാമ്മ ജോർജ്ജ് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വത്സമ്മ കുഞ്ഞുമോൻ അദ്ധ്യക്ഷത വഹിച്ചു. പി എച്ച് സി മെഡിക്കൽ ഓഫീസർ ഡോ സാലി സെബാസ്റ്റ്യൻ പദ്ധതി വിശദീകരണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. എ ഔസേഫ് സ്വാഗതം പറഞ്ഞു.