പാലാ: ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബ ആരോഗ്യ കേന്ദ്രമായി ഉയർത്തിയ രാമപുരം സർക്കാർ ആശുപത്രിയിൽ ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്ക് ചികിത്സ ലഭ്യമാക്കുന്നതിനായി ശാസ് ക്ലിനിക്കും ആശ്വാസ് ക്ലിനിക്കും പുതുതായി ആരംഭിക്കുമെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു. നബാർഡ് ധനസഹായത്തോടെ നിർമാണം പൂർത്തിയാക്കിയ പുതിയ ആധുനിക മന്ദിരവും ആശുപത്രിയിൽ ആരംഭിച്ച ആർദ്രം പദ്ധതിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇതോടൊപ്പം അമൃതം ആരോഗ്യ പദ്ധതിയുടെയും നവജാത ശിശുക്കൾക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാനുള്ള ഹൃദ്യം പദ്ധതിയുടെയും സേവനവും ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു.
ആരോഗ്യ മേഖലയിൽ മെച്ചപ്പെട്ട ചികിത്സാ സേവനങ്ങൾ ലഭ്യമാകുന്നതിനാണ് എൽ.ഡി.എഫ് സർകാർ ആർദ്രം മിഷൻ ആവിഷ്‌കരിച്ച് നടപ്പാക്കിയത്. ഗ്രാമീണ ചികിത്സാകേന്ദ്രങ്ങളിൽ ഉൾപ്പെടെ പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ഉൾപ്പെടെ കൂടുതൽ ഡോക്ടർമാരെയും അനുബന്ധ ജീവനക്കാരെയും നിയമിച്ച് മികച്ച ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കി ആധുനിക നിലവാരത്തിലേക്ക് ഉയർത്തപ്പെട്ടിരിക്കുകയാണ്.
പത്തര കോടി രൂപാ ചിലവിൽ നിർമാണം പൂർത്തിയാക്കിയ അഞ്ചു നിലകളോടുകൂടിയ ആധുനിക മന്ദിരത്തിന്റെ രണ്ട് നിലകളാണ് ആദ്യഘട്ടത്തിൽ പ്രവർത്തനസജ്ജമാക്കുന്നത്. അൻപതിനായിരത്തോളം ജനസംഖ്യയുള്ള മേഖലയിൽ ഒപി വിഭാഗതിൽ പ്രതിദിനം മുന്നൂറ്റമ്പതിൽപരം രോഗകളെത്തുന്ന കേന്ദ്രമെന്ന നിലയിൽ രാമപുരം ആശുപത്രിക്ക് ആരോഗ്യവകുപ്പ് കൂടുതൽ പരിഗണന നൽകും. ആർദ്രം മിഷനിൽനിന്ന് 15 ലക്ഷത്തോളം രൂപ അനുവദിച്ചാണ് പ്രാഥമികഘട്ടത്തിൽ ആവശ്യമായ ഉപകരണങ്ങൾ ലഭ്യമാക്കിയിരിക്കുന്നത്. ആശുപത്രിയിൽ നിലവിൽ മൂന്ന് ഡോക്ടർമാരുടെയും നഴ്‌സുമാർ ഉൾപ്പെടയുള്ള അനുബന്ധ ജീവനക്കാരുടെയും സേവനം ലഭ്യമാണ്. കൂടുതൽ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കാൻ ഗ്രാമബ്ലോക്ക് പഞ്ചായത്തുകൾക്കും നിയമനം നടത്താം. ഗ്രാമീണ ചികിത്സാ കേന്ദ്രങ്ങളെ മെച്ചപ്പെട്ട നിലവാരത്തിലേക്ക് ഉയർത്താൻ ആവശ്യമായ ഉപകരണങ്ങൾ ഉൾപ്പെടെ ലഭ്യമാക്കാൻ ജനകീയ പങ്കാളിത്തവും ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
ആശുപത്രി അങ്കണത്തിൽ ചേർന്ന സമ്മേളനത്തിൽ ജോസ് കെ മാണി എംപി അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ വി.എൻ വാസവൻ, രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോൺ, മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിജു പുന്നത്താനം, ജില്ലാ പഞ്ചായത്ത് അംഗം അനിത രാജു, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് ടി കീപ്പുറം, രാമപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജമിനി സിന്നി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ്, പിഡബ്ല്യുഡി കെട്ടിട വിഭാഗം ചീഫ് എൻജിനിയർ ഇ കെ ഹൈദ്രു എന്നിവർ സംസാരിച്ചു. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലില്ലി മാത്യു സ്വാഗതവും മെഡിക്കൽ ഓഫീസർ ഡോ. മനോജ് കെ പ്രഭ നന്ദിയും പറഞ്ഞു.