കോട്ടയം: സ്വകാര്യ കമ്പനികൾ നടത്തുന്ന ചിട്ടികളിൽ ചേരുന്നവർ ചിട്ടികൾ രജിസ്റ്റർ ചെയ്തതാണെന്ന് ഉറപ്പു വരുത്തണമെന്ന് ജില്ലാ രജിസ്ട്രാർ (ജനറൽ) അറിയിച്ചു. ഇതിനായി അതത് സ്ഥലങ്ങളിലെ സബ് രജിസ്ട്രാർ ഓഫീസുമായി ബന്ധപ്പെടാം.
കമ്പനികൾ സബ് രജിസ്ട്രാർ ഓഫീസിൽ ഫയൽ ചെയ്യുന്ന കക്ഷികളുടെ ലിസ്റ്റിൽ പേര് ഉൾപ്പെട്ടിട്ടുണ്ടെന്നും സ്ഥാപനം നൽകുന്ന ചിട്ടി പാസ്ബുക്കിൽ അസിസ്റ്റന്റ് രജിസ്ട്രാർ ഒഫ് ചിറ്റ്സിന്റെ (സബ് രജിസ്ട്രാർ) ഒപ്പും സീലും ഉണ്ടെന്നും സ്ഥിരീകരിക്കണം. രജിസ്റ്റർ ചെയ്ത ചിട്ടി ഉടമ്പടിയുടെ പകർപ്പ് വാങ്ങണം. വ്യാജ ചിട്ടി കമ്പനികളുടെ പരസ്യങ്ങളിലും വാഗ്ദാനങ്ങളിലും വഞ്ചിതരാകാതിരിക്കാൻ ജനങ്ങൾ ജാഗ്രത പുലർത്തണം
സ്പോട്ട് അഡ്മിഷൻ
കോട്ടയം: പൂഞ്ഞാർ മോഡൽ പോളിടെക്നിക് കോളേജിൽ ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ ഹാർഡ് വെയർ എൻജിനീയറിംഗ് വിഭാഗങ്ങളിൽ രണ്ടാം വർഷത്തേക്ക് അനുവദിച്ച ലാറ്ററൽ എൻട്രി കോഴ്സിലേക്കും ഒന്നാം വർഷ എൻജിനീയറിംഗ് ഡിപ്ലോമ കോഴ്സിൽ ഇതേ ബ്രാഞ്ചുകളിൽ ഒഴിവുള്ള സീറ്റുകളിലേക്കും 25ന് സ്പോട്ട് അഡ്മിഷൻ നടത്തും. ഫോൺ: 04822 272266, 9495443206 , 6282995440.
വിജയാമൃതം പദ്ധതി
കോട്ടയം: സർക്കാർ/ സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ഡിഗ്രി/തത്തുല്യ കോഴ്സുകൾ, പി.ജി/പ്രൊഫഷണൽ കോഴ്സുകളിൽ ഉന്നത വിജയം നേടിയ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് പ്രോത്സാഹനം നൽകുന്ന വിജയാമൃതം പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകൾ ആഗസ്റ്റ് 31 നകം ജില്ലാ സാമൂഹ്യനീതി ഓഫീസിൽ നൽകണം. വിശദാംശങ്ങൾ സാമൂഹ്യനീതി വകുപ്പിന്റെ വെബ്സൈറ്റിലും(www.swd.kerala.gov.in)ജില്ലാ സാമൂഹ്യനീതി ഓഫീസിലും (04812563980) ലഭിക്കും.
സഹചാരി പദ്ധതി
കോട്ടയം: ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളെ പഠനത്തിലും അനുബന്ധ പ്രവർത്തനങ്ങളിലും സഹായിക്കുന്ന നാഷണൽ സർവീസ് സ്കീം, എൻ.സി.സി, സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിറ്റുകൾക്ക് സഹചാരി പദ്ധതിയിൽ സാമൂഹ്യനീതി വകുപ്പ് പുരസ്ക്കാരങ്ങൾ നൽകുന്നു. ജില്ലയിലെ മികച്ച മൂന്ന് യൂണിറ്റുകളെയാണ് തെരഞ്ഞെടുക്കുക. സ്ഥാപന മേധാവി ശുപാർശ ചെയ്ത അപേക്ഷ പ്രവർത്തന റിപ്പോർട്ടും ഫോട്ടോകളും സഹിതം ആഗസ്റ്റ് 31നകം ജില്ലാ സാമൂഹ്യനീതി ഓഫീസിൽ നൽകണം. കൂടുതൽ വിവരങ്ങൾ വകുപ്പിന്റെ വെബ്സൈറ്റിലും(www.swd.kerala.gov.in) ജില്ലാ സാമൂഹ്യനീതി ഓഫീസിലും (04812563980) ലഭിക്കും.