കടുത്തുരുത്തി : വെളിച്ചം ഏഴയിലത്ത് പോലുമില്ല. ഇരുട്ടിലും തലയുയർത്തി ഹൈമാസ്റ്റ് ലൈറ്റ് നിൽപ്പുണ്ട്. പക്ഷേ ആർക്കെന്ത് പ്രയോജനം.

കോട്ടയം - എറണാകുളം റോഡിലെ മുട്ടുചിറ ജംഗ്ഷനിലെ രാത്രിയിൽ യാത്രക്കാർ പെട്ടുപോകുന്ന അവസ്ഥയാണ്. ഈ ദുരവസ്ഥ കണ്ടിട്ടും ഹൈമാസ്റ്റ് ലൈറ്റിന്റെ കാര്യത്തിൽ അധികൃതർ കണ്ണുതുറക്കുന്നുമില്ല. ടൗണിൽ രാത്രിയിലുണ്ടായിരുന്ന വെളിച്ചം കൂടി ഇല്ലാതായതോടെ സമീപത്തെ വ്യാപാരികളും ഓട്ടോറിക്ഷാ ഡ്രൈവർമാരും ഏറെ വലയുന്നുണ്ട്. നിരവധി യാത്രക്കാരാണ് രാത്രിയിൽ ടൗണിൽ ബസിറങ്ങുന്നത്. മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിലേക്കുള്ള പ്രധാന ജംഗ്ഷൻ കൂടിയാണിത്. ഈ സാഹചര്യത്തിൽ രോഗികളും ബുദ്ധിമുട്ടിലാകുന്നുണ്ട്.

തക്കം പാർത്ത്

മോഷ്ടാക്കൾ

ജംഗ്ഷനിൽ വെളിച്ചം ഇല്ലാതായതോടെ രാത്രികാലങ്ങളിൽ മോഷ്ടാക്കളുടെയും സാമൂഹ്യവിരുദ്ധരുടെയും ശല്യമേറി. ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തനക്ഷമമാക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളും ഓട്ടോറിക്ഷാ ഡ്രൈവർമാരും ചേർന്ന് കടുത്തുരുത്തി ഗ്രാമപഞ്ചായത്തിലും കെ.എസ്.ഇ.ബി അധികൃതർക്കും പരാതി നൽകിയിരുന്നു. പക്ഷെ ഒരുപ്രയോജനവുമുണ്ടായില്ല.