ചങ്ങനാശേരി : വീടുകളിൽ പുസ്തകവസന്തം തീർക്കാൻ തൃക്കൊടിത്താനം വി.ബി.യു.പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥികൾ. മഴക്കാലത്ത് പെയ്യട്ടെ പുസ്തക മഴ, നിറയട്ടെ അക്ഷരമുറികൾ എന്ന ആശയവുമായി അക്ഷരവിരുന്ന് എന്ന പേരിൽ സ്‌കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിലാണ് ഹോം ലൈബ്രറി പദ്ധതിക്ക് തുടക്കമിട്ടത്. ആദ്യഘട്ടമായി രണ്ട് ബി ഡിവിഷനിൽ 30 കുട്ടികളുള്ള ക്ലാസിൽ പദ്ധതി നടപ്പിലാക്കും. ആദ്യം രംഗത്തെത്തിയത് നിവേദ് എന്ന മിടുക്കനാണ്. സ്‌കൂളിലെ മദർ പി.ടി.എ പ്രസിഡന്റായ അമ്മ നിഷയുടെയും കുടുംബാംഗങ്ങളുടെയും പിന്തുണ കൂടിയായപ്പോൾ പദ്ധതിക്ക് ജീവൻ വച്ചു. ഹോം ലൈബ്രറി പദ്ധതിക്ക് സഹപാഠികളും രക്ഷകർത്താക്കളും പുസ്തകങ്ങൾ സമ്മാനമായി നൽകിയതോടെ ലൈബ്രറി നിറഞ്ഞു. പ്രോത്സാഹനമായി എല്ലാ കുട്ടികൾക്കും ക്ലാസ് ടീച്ചർ വി.അമ്പിളിയുടെ വക 500 രൂപയുടെ പുസ്തകങ്ങൾ നൽകും. ഉദ്ഘാടനത്തിനെത്തിയ സ്‌കൂൾ മാനേജരും കുടുംബശ്രീ പ്രവർത്തകരും പുസ്തകങ്ങൾ കൊണ്ട് അക്ഷരങ്ങളുടെ മാല കോർത്ത് അറിവിന്റെ യാത്രയിൽ ഒപ്പം ചേരും.
തൃക്കൊടിത്താനം ആഞ്ഞിലിമൂട്ടിൽ നിവേദിന്റെ വീട്ടിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്തംഗവും അംഗൻവാടി ടീച്ചറുമായ പുഷ്പവല്ലി ഉദ്ഘാടനം ചെയ്തു.സ്‌കൂൾ മാനേജർ ജി.നീലകണ്ഠൻ പോറ്റി അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് കെ.ജി.മായാദേവി, അദ്ധ്യാപികമാരായ വി.അമ്പിളി, കെ. രമാദേവി, പി.ടി മിനികുമാരി, ആരതി മേനോൻ, എസ്. മായാദേവി, ബീന.ആർ.നായർ, ബിന്ദു .ജി, അശ്വതി എസ്.ദാസ് വിദ്യാർത്ഥികൾ, വനിത കുടുംബശ്രീ സെക്രട്ടറി സുനിത അനീഷ്, രക്ഷകർത്താക്കൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. അടുത്ത ദിവസങ്ങളിൽ എല്ലാ കുട്ടികളുടെ വീടുകളിലും പദ്ധതി നടപ്പിലാക്കും.