മണർകാട്: മണർകാട് കവലയിലെ ഗതാഗതപരിഷ്‌കാരം വിജയിച്ചെങ്കിലും റോഡിലെ കുഴികൾ കുരുക്കിനിടയാക്കുന്നു. മണർകാട് കവലയിൽ വൺവേ സംവിധാനം ഏർപ്പെടുത്തിയാണ് പൊലീസ് ഗതാഗതക്കുരുക്ക് അഴിച്ചത്. എന്നാൽ റോഡിലെ കുഴികൾ വാഹനയാത്രക്കാർക്ക് വില്ലനായി മാറുകയാണ്. അയർക്കുന്നം, പുതുപ്പള്ളി, കോട്ടയം എന്നിവിടങ്ങളിൽ നിന്ന് പാമ്പാടി ഭാഗത്തേയ്ക്ക് തിരിഞ്ഞുപോകുന്ന മണർകാട്-അയർക്കുന്നം റോഡിലെ ബൈപ്പാസ് കവലയിലും പഴയ കെ.കെ റോഡിലുമാണ് കുഴികൾ പ്രശ്നക്കാരാകുന്നത്.
വാഹനങ്ങൾ കുഴിയിലിറങ്ങിക്കയറുന്ന സമയംകൊണ്ട് ഗതാഗതക്കുരുക്ക് രൂക്ഷമാകും. അത് മണിക്കൂറുകൾ നീളുകയും ചെയ്യും.
മാസങ്ങൾക്ക് മുമ്പ് ടാർചെയ്ത വെടിപ്പാക്കിയ റോഡാണ് ഇത്തരത്തിൽ പൊട്ടിപ്പൊളിഞ്ഞത് എന്നതാണ് മറ്റൊരു കാര്യം. പൈപ്പിടാനായി വാട്ടർ അതോറിട്ടി വെട്ടിപ്പൊളിച്ച റോഡ് റീടാറിംഗ് നടത്താത്തതാണ് കുരുക്കിനു കാരണം. ചെറുതും വലുതുമായി നിരവധി കുഴികളാണ് ഇവിടെ രൂപപ്പെട്ടിരിക്കുന്നത്. നിരവധി വാഹനങ്ങൾ അപകടത്തിപ്പെട്ടിട്ടും അധികൃതർ അനങ്ങുന്നില്ല.
നീളുന്നകുരുക്ക്
കെ.കെ റോഡിൽ മണർകാട് കവലയിൽ നിന്ന് ഐരാറ്റുനട വരെ
പഴയ കെ.കെ റോഡിൽ നിന്ന് പുതുപ്പള്ളി റോഡ് വരെ
മണർകാട് - ഏറ്റുമാനൂർ ബൈപ്പാസിൽ പെരുമാനൂർക്കുളം
പഴയ കെ.കെ റോഡിലേക്ക് തിരിയുന്ന സൗത്ത് ഇന്ത്യൻ ബാങ്കിനു മുന്നിൽ