ആലപ്പുഴ: കിഴക്കിന്റെ വെനീസിൽ നിന്ന് ശക്തന്റെ തട്ടകത്തിലേക്കൊരു തീർത്ഥയാത്ര. ആലപ്പുഴ ഡി.ടി.പി.സി ആരംഭിച്ച നാലമ്പല ദർശനം പദ്ധതിക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്. ചൊവ്വ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 6 മണിക്ക് ആലപ്പുഴ ബോട്ട് ജെട്ടിക്ക് സമീപമുള്ള ഡി.ടി.പി.സി ഓഫീസ് പരിസരത്ത് നിന്ന് ആരംഭിക്കുന്ന യാത്ര തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട കൂടൽമാണിക്യം ഭരതക്ഷേത്രം, പായമ്മൽ ശത്രുഘ്‌ന ക്ഷേത്രം, തിരുമൂഴിക്കുളം ലക്ഷ്മണക്ഷേത്രം എന്നിവിടങ്ങളിൽ ദർശനം നടത്തി തിരികെയെത്തും. നിരവധി ഭക്തരാണ് ഡി.ടി.പി.സി ഓഫീസിൽ തീർത്ഥാടന യാത്രയ്ക്കായി സീറ്ര് ബുക്ക് ചെയ്തിരിക്കുന്നത്. ക്ഷേത്ര പ്രസാദം, ഗൈഡ് സേവനം, പ്രത്യേക ദർശന സൗകര്യം എന്നിവയുൾപ്പടെ 700 രൂപയാണ്‌ യാത്രാ നിരക്ക്. 15 പേരിൽ കൂടുതലുള്ള ഗ്രൂപ്പ് ബുക്കിംഗുകൾക്ക് 550 രൂപ നിരക്കിൽ യാത്ര ചെയ്യാം. താത്പര്യമുള്ളവർക്ക് 0477 2251796, 2251766, 8089190829, 9400051796 എന്നീ ഫോൺ നമ്പരുകളിൽ പേര്‌ രജിസ്റ്റർ ചെയ്യാം.

35 പേർക്ക് ഒരേസമയം യാത്ര ചെയ്യാവുന്ന എ.സി ബസ് സൗകര്യം ഇതിനായി ഏർപ്പെടുത്തിയിട്ടുണ്ട്. തീർത്ഥാടകരുടെ വർദ്ധന അനുസരിച്ച് ദൈനം ദിന സർവ്വീസ് ആരംഭിക്കുന്ന കാര്യം പരിഗണിക്കുമെന്നും ഡിടി.പി.സി ചെയർമാൻ കൂടിയായ ജില്ലാ കളക്‌ടർ ഡോ. അദീല അബ്‌ദുള്ള, ഡി.ടി.പി.സി സെക്രട്ടറി എം. മാലിൻ എന്നിവർ അറിയിച്ചു.