കോട്ടയം: മൂന്ന് ദിവസമേ ഇക്കുറി മഴപെയ്തുള്ളൂവെങ്കിലും അറരക്കോടിയുടെ കൃഷിയാണ് നശിച്ചത്. വരൾച്ചയിൽ അമ്പത് കോടിയുടെ കൃഷി നശിച്ചതിന് പിന്നാലെയാണ് കാലവർഷവും കർഷകർക്ക് കണ്ണീര് നൽകുന്നത്.
ഏത്തവാഴയും പച്ചക്കറിയുമെല്ലാം നശിച്ചിട്ടുണ്ട്. 947 കർഷകരെ കാലവർഷം ബാധിച്ചു. 98 ഹെക്ടറിലെ കൃഷി നശിച്ചു. ജില്ലയിലെ പതിനൊന്ന് ബ്‌ളോക്കുകളിലും കാലവർഷത്തിന്റെ ആഘാതമുണ്ടായി. ഇക്കുറി നെല്ല് കാര്യമായി നശിച്ചിട്ടില്ലെന്നത് മാത്രമാണ് ആശ്വാസം. പക്ഷേ, പച്ചക്കറി കർഷകർക്ക് താങ്ങാവുന്നതിലും അപ്പുറം ബാദ്ധ്യതയാകും. പടിഞ്ഞാറൻ മേഖലയിൽ പച്ചക്കറിയും ഏത്തവാഴയും നശിച്ചപ്പോൾ കിഴക്കൻ മേഖലയിൽ ജാതിയും റബറും കാപ്പിയും കൊക്കോയും നശിച്ചു. പച്ചക്കറി, വാഴ, റബർ കർഷകരെയാണ് ഏറ്റവും അധികം ബാധിച്ചത്. ഒന്നേകാൽ കോടിയുടെ ഏത്തവാഴയും ആറ് ലക്ഷം രൂപയുടെ ജാതിയും നശിച്ചു. 1538 ജാതി മരവും 1115 റബർ മരവും നശിച്ചവയിൽ പെടുന്നു. പ്രളയവും വരൾച്ചയും ഏൽപ്പിച്ച ആഘാതത്തിൽ നിന്ന് കരകയറും മുൻപാണ് കാലവർഷവും കാറ്റും ദുരിതത്തിനിടയാക്കിയത്.
മഴയെടുത്ത കൃഷിയിടങ്ങൾ
വൈക്കം, കോട്ടയം, കാഞ്ഞിരപ്പള്ളി, ഉഴവൂർ, മാടപ്പള്ളി, ഈരാറ്റുപേട്ട, കടുത്തുരുത്തി, പാലാ, ഏറ്റുമാനൂർ, വാഴൂർ, പാമ്പാടി, കുറവിലങ്ങാട്, വൈക്കം.
'' ഇക്കുറി മഴ പ്രശ്നമാകില്ലെന്ന് കരുതിയാണ് വാഴകൃഷിയിലേയ്ക്ക് തിരിഞ്ഞത്. ഓണത്തിന് ലക്ഷ്യംവച്ചുള്ള പച്ചക്കറിയും നശിച്ചു. കൃഷി മുഴുവൻ നശിച്ച നിലയ്ക്ക് ഇനി പ്രതീക്ഷ സർക്കാരിന്റെ നഷ്ടപരിഹാരത്തിലാണ്. കടംവാങ്ങിയും മറ്റും കൃഷി ചെയ്തപ്പോഴാണ് പ്രകൃതി ചതിച്ചത്. മുൻ വർഷങ്ങളിലെ നഷ്ടപരിഹാരത്തുക പോലും പൂർണമായും ലഭിച്ചിട്ടില്ല''
സ്റ്റീഫൻ, കർഷകൻ