fish-farm

വൈക്കം: പ്രളയം തകർത്തത് വിനീഷ് എന്ന മത്സ്യകർഷന്റെ മാസങ്ങൾ നീണ്ടു നിന്ന അദ്ധ്വാനം. പക്ഷേ തളർന്നില്ല, മനസ്സും ശരീരവും. പൊരുതി നേടി വിജയം. വീടിനോട് ചേർന്നുള്ള മൂന്ന് ഏക്കർ സ്ഥലത്ത് വില്പനയ്ക്ക് തയാറായ കരിമീൻ കുഞ്ഞുങ്ങളെയാണ് അന്നത്തെ പ്രളയം ഒഴുക്കിക്കൊണ്ട് പോയത്. വേമ്പനാട്ട് കായലിൽ നിന്നും 500 മീ​റ്റർ മാത്രം ദൂരമുള്ള പുത്തൻതറ ഫിഷ് ഫാമിലേയ്ക്ക് വെള്ളം ഇരച്ചു കയറിയത് പെട്ടെന്നായിരുന്നു. അൻപതിനായിരം കരിമീൻ കുഞ്ഞുങ്ങളും കരിമീൻ ഇണകളും പ്രളയജലത്തിൽ ഒഴുകി പോയി.

ആറ് മാസം കൊണ്ട് പ്രളയം വരുത്തിവെച്ച നഷ്ടത്തിൽ നിന്നും വിനീഷ് വേഗം കരകയറി. ഫിഷറീസ് വകുപ്പ് പൂർണ പിന്തുണയുമായി കൂടെ നിന്നതോടെ വിനീഷിനെ തേടിയെത്തിയത് 2018 - 19 ലെ മികച്ച ഓരുജല മത്സ്യകർഷകനുള്ള ജില്ലാതല അവാർഡു കൂടിയാണ്.

പ്രളയത്തിൽ നിന്നും കരകയറാൻ ശ്രമിക്കുമ്പോൾ അവാർഡ് ഒന്നും മുന്നിലുണ്ടായിരുന്നില്ല. മുഴുവൻ നഷ്ടപ്പെട്ട് ഒന്നിൽ നിന്നും തുടങ്ങേണ്ട അവസ്ഥയായിരുന്നു. നഷ്ടപ്പെട്ടത് തിരിച്ചുുപിടിക്കാൻ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എസ്. ജയശ്രീയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ ഒപ്പം നിന്നു.
ഉദയനാപുരം പുത്തൻതറ ഫിഷ് ഫാം ഉടമയാണ് വിനീഷ്. അച്ഛൻ വിദ്യാധരനോടൊപ്പം വർഷങ്ങളായി മത്സ്യകൃഷി ചെയ്യുകയാണ്. 2017 ൽ ഫിഷറീസ് വകുപ്പ് മിനി ഹാച്ചറി ഒരുക്കുന്നതിന് സാമ്പത്തിക സഹായം നൽകി. കരിമീൻ കുഞ്ഞുങ്ങളെയും ഇണ ചേരാൻ പ്രായമായ കരിമീൻ ജോഡികളെയും മത്സ്യകർഷകർക്ക് ഈ മിനി ഹാച്ചറിയിൽ നിന്ന് നൽകുകയും ചെയ്തു.

ഇനി പ്രളയത്തെയും അതിജീവിക്കും

ഇനിയൊരു പ്രളയം ഉണ്ടായാൽ അതിജീവിക്കാൻ ആധുനിക രീതിയിലുള്ള സംവിധാനങ്ങളാണ് വിനീഷ് ഫാമിൽ തയാറാക്കിയിരിക്കുന്നത്. ആറ് ബ്ലോക്കുകളെയും ഓരോ ബോക്‌സുകളായി തിരിച്ചു. ഫാമിന് ചു​റ്റും ഷീ​റ്റ് കൊണ്ട് മതിൽ തീർത്തു. പനങ്ങാട് ഫിഷറീസ് കോളേജ് ഡയറക്ടർ ഡെയ്‌സിയുടെ നിർദ്ദേശങ്ങൾ സ്വീകരിച്ച് കായലുകളിൽ മത്സ്യകൃഷിക്ക് ഉപയോഗിക്കുന്ന കൂടുകൃഷി ഫാമിൽ ഒരുക്കി. മത്സ്യകൃഷി മേഖലയിൽ മാതൃകയാക്കാൻ കഴിയുന്ന ഒട്ടേറെ കാര്യങ്ങൾ വിനീഷ് തന്റെ ഫാമിൽ പരീക്ഷിച്ച് വിജയകരമാക്കിയിട്ടുണ്ട്.