അടിമാലി: വിനോദസഞ്ചാരികൾക്ക് പ്രാഥമിക സൗകര്യങ്ങൾ ഉറപ്പാക്കുക എന്ന ഉദ്യേശത്തോടെയാണ് ദേശീയപാതയോരത്ത് സാനിട്ടറി കോംപ്ളക്സ് നിർമ്മിച്ചത്, എന്നാൽ അത് ആവശ്യക്കാർക്ക് ഇനിയും ഉപയോഗപ്പെടുന്നില്ലെന്ന് മാത്രം. അടിമാലി ബ്ലോക്ക് പഞ്ചായത്ത് രണ്ട് വർഷം മുമ്പാണ് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സാനിട്ടറി കോംപ്ലക്‌സ് നിർമ്മാണം ആരംഭിച്ചത്. അടിമാലി പത്താം മൈലിൽ ദേശീയപാതയോരത്ത് വിനോദ സഞ്ചാരികൾക്കു കൂടി പ്രയോജനപ്പെടും വിധമായിരുന്നു പത്താം മൈൽ ടൗണിനു സമീപം ദേശീയപാതയോരത്ത് പൊതുശൗചാലയം നിർമ്മിച്ചത്.എന്നാൽ നിർമ്മാണ ജോലികൾ പൂർത്തീകരിച്ചിട്ടും ശൗചാലയത്തിന്റെ ഉദ്ഘാടനം നടത്തുന്നതിനോ പൊതുജനങ്ങൾക്കായി തുറന്നു നൽകുന്നതിനോ നടപടി കൈകൊണ്ടിട്ടില്ല.ദേശീയപാത 49ൽ കോതമംഗലം കഴിഞ്ഞാൽ ചീയപ്പാറവെള്ളച്ചാട്ടത്തിന് സമീപമാണ് ഒരു പൊതുശൗചാലയമുള്ളത്. ചീയപ്പാറയിലെ സഞ്ചാരികളുടെ ബാഹുല്യം പലപ്പോഴും പൊതുശൗചാലയത്തിൽ വലിയ തിരക്കിനിടയാക്കാറുണ്ട്.അടിമാലി ബസ് സ്റ്റാൻഡിലെ പൊതുശൗചാലയം ഒഴിച്ചാൽ മൂന്നാർ എത്തുന്നിടം വരെ ദേശീയപാതയിലെവിടെയും പൊതു ശൗചാലയങ്ങൾ ഇല്ലായെന്നത് പണിപൂർത്തീകരിച്ച പത്താം മൈലിലെ സാനിട്ടറി കോപ്ലക്‌സ് തുറന്നു നൽകേണ്ടതിന്റെ ആവശ്യകത വർദ്ധിപ്പിക്കുന്നു.വിനോദ സഞ്ചാരികൾക്ക് പുറമേ ദേവിയാർ കോളനി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തുന്ന നൂറുകണക്കിന് രോഗികളെ കൂടി പരിഗണിച്ചായിരുന്നു ശൗചാലയത്തിന്റെ നിർമ്മാണ ജോലികൾ നടത്തിയത്.പക്ഷെ ഇതൊന്നും തുറന്ന്കൊടുക്കുന്ന കാര്യത്തിൽ പ്രകടമാകുന്നില്ലെന്ന് മാത്രം.