പൊൻകുന്നം : മഴയിൽ തകർന്ന പൊൻകുന്നം-മണിമല റോഡിന്റെ സംരക്ഷണഭിത്തി പുനസ്ഥാപിക്കാൻ നടപടിയായെന്ന് ഡോ.എൻ.ജയരാജ് എം.എൽ.എ അറിയിച്ചു. നിർദിഷ്ട പൊൻകുന്നം - പുനലൂർ ഹൈവേയുടെ ഭാഗമായ റോഡിൽ മൂലേപ്ലാവിനും മണിമലയ്ക്കുമിടയിൽ മണിമലയാറിനോട് ചേർന്നുള്ള ഭാഗത്തെ സംരക്ഷണഭിത്തിയും റോഡുമാണ് ഇടിഞ്ഞത്. സംരക്ഷണഭിത്തി പുനസ്ഥാപിക്കാനായി പൊതുമരാമത്ത് വകുപ്പിന് നിർദ്ദേശം നൽകി. പൊതുമരാമത്ത് വകുപ്പ് തയാറാക്കിയ 47 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. പൂർണമായും ഇടിഞ്ഞുപോയ സംരക്ഷണഭിത്തി ഏകദേശം 50 മീറ്ററോളം ഭാഗം 5 മീറ്റർ ഉയരത്തിൽ കോൺക്രീറ്റ് ചെയ്ത് പുനസ്ഥാപിക്കുന്നതിനാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയിരിക്കുന്നത്. സർക്കാർ തുക അനുവദിച്ചാലുടൻ പണികൾ ആരംഭിക്കുമെന്നും എം.എൽ.എ അറിയിച്ചു.