കോട്ടയം: ഇനിയൊരു സാങ്കേതികാനുമതികൂടി ലഭിച്ചാൽ എല്ലാം ശരിയാകും. 32 വർഷം മുമ്പ് തറക്കല്ലിട്ട ചീപ്പുങ്കൽ -മണിയാപറമ്പ് റോഡിന്റെ ഭാവിയെക്കുറിച്ച് അധികൃതർക്ക് പറയാനുള്ളത് ഇത്രമാത്രം. അപ്പർകുട്ടനാടുകാർക്ക് കുമരകത്ത് നിന്ന് ചീപ്പുങ്കൽ- മണിയാപറമ്പ്, അതിരമ്പുഴ, മെഡിക്കൽ കോളേജ് വഴി സംക്രാന്തിയിൽ ( എം.സി റോഡ്) എത്താവുന്ന എളുപ്പവഴി എന്നപേരിലാണ് 1987ൽ തറക്കല്ലിട്ടത്. വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിൽ നിന്ന് ഇതിനുള്ള പണവും വകയിരുത്തി. പെണ്ണാറിന് കുറുകെ ഒരു പാലം ഉൾപ്പെടെ 5.5 കിലോമീറ്ററാണ് നിർദ്ദിഷ്ട റോഡിന്റെ ദൈർഘ്യം. മൂന്ന് പതിറ്റാണ്ടിനിടെ ഘട്ടംഘട്ടമായി ഒരുകിലോമീറ്റർ റോഡും പാലവും പൂർത്തിയാക്കി. എന്നാൽ പാലത്തിന്റെ ഒരു വശത്ത് അപ്രോച്ച് റോഡില്ലാത്തതിനാൽ വെള്ളപ്പൊക്ക ദുരിതാശ്വാസനിധി ചെലവഴിച്ച് നിർമ്മിച്ച പാലം മൂന്ന് പതിറ്റാണ്ടിനിടെയുണ്ടായ വെള്ളപ്പൊക്കങ്ങളിലൊന്നും നാട്ടുകാർക്ക് പ്രയോജനപ്പെട്ടില്ലെന്നതാണ് യാഥാർത്ഥ്യം. അടുത്തകാലത്ത് ഏറ്റുമാനൂർ എം.എൽ.എ യുടെ ശ്രമഫലമായി ചീപ്പുങ്കൽ- മണിയാപറമ്പ് റോഡിന് പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കിയിരുന്നു. എന്നാൽ ടെൻഡർ നടപടികൾ പൂർത്തിയാക്കുകയും കരാറുകാരൻ ജോലി ഏറ്റെടുക്കുകയും ചെയ്‌തെങ്കിലും പൊതുമരാമത്ത് വകുപ്പിന്റെ സാങ്കേതിക അനുമതി കിട്ടാത്തതുകൊണ്ട് നിർമ്മാണം പുനരരാംഭിക്കാനായിട്ടില്ല.
റോഡ് പൂർത്തിയായാൽ...
ദേശിയപാത 17നെ (ചേർത്തല) എം.സി. റോഡുമായി (സംക്രാന്തി) ബന്ധിപ്പിക്കുന്ന അതിവേഗ ഇടനാഴി
ജില്ലയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ നിന്ന് കോട്ടയം മെഡിക്കൽകോളേജിലേക്ക് എളുപ്പവഴി
അപ്പർകുട്ടനാടൻ പാടശേഖരങ്ങളിൽ കാർഷിക പുരോഗതി
വിനോദസഞ്ചാര മേഖലയിൽ അനന്ത സാദ്ധ്യതകൾ
കോട്ടയം- കുമരകം റോഡിലെ ഗതാഗതക്കുരുക്കിന് പരിഹാരം
റോഡ് നിർമ്മാണം: നാൾവഴി ഇങ്ങനെ...
1987 - ഏറ്റുമാനൂർ എം.എൽ.എ ജോർജ് ജോസഫ് പൊടിപാറ തറക്കല്ല് ഇട്ടു
1988 മാർച്ച് 25ന് നിർമ്മാണം തുടങ്ങി
2013ൽ പെണ്ണാറിന് കുറുകെ പാലം പൂർത്തിയായി
ചീപ്പുങ്കൽ- മണിയാപറമ്പ് റോഡിന് 39 കോടിരൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. എത്രയും വേഗം സാങ്കേതിക അനുമതികൂടി ലഭിച്ചാൽ ഒന്നരവർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കും. ആയിരക്കണക്കിന് ഏക്കർ പാടശേഖരങ്ങളിലെ നെൽകൃഷി ഉൾപ്പെടെ അപ്പർകുട്ടനാടൻ
സമഗ്രവികസനത്തിന് മുതൽകൂട്ടാണ് ഈ പാത -- കെ.സുരേഷ് കുറുപ്പ് എം.എൽ.എ