വൈക്കം : കെ.എസ്.ആർ.ടി.സി വൈക്കം ഡിപ്പോയും സർവീസുകളും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിവന്ന ദശദിന സത്യാഗ്രഹം അവസാനിച്ചു. കെ.എസ്.ആർ.ടി.സി എം.ഡി യുമായി സി.കെ. ആശ എ. എൽ.എയും പാർട്ടി നേതൃത്വവും നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിച്ചത്. നിറുത്തലാക്കിയ ആലുവ ബസ് പുന:രാരംഭിക്കുക, വൈറ്റില ചെയിൻ സർവീസ്, വഴി തിരിച്ചുവിട്ട ഫാസ്റ്റ് പാസഞ്ചറുകൾ പുനരാരംഭിക്കുക, കോട്ടയം - എറണാകുളം ഫാസ്റ്റ് പാസഞ്ചറുകൾ രാത്രി കാലത്ത് വൈക്കം വഴി വന്നുപോകുക, ഹൈക്കോടതി സർവീസ് ആരംഭിക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങൾ. സമരത്തിന്റെ സമാപന സമ്മേളനം സി.പി.ഐ ജില്ലാ എക്സലിക്യൂട്ടീവ് അംഗം ടി.എൻ. രമേശൻ ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയർമാൻ എൻ. അനിൽ ബിശ്വാസ് അദ്ധ്യക്ഷത വഹിച്ചു. കെ.അജിത്ത്, എം.ഡി.ബാബുരാജ്, സി.കെ.ആശ, പി.എസ്.പുഷ്ക്കരൻ എന്നിവർ പ്രസംഗിച്ചു.