കോട്ടയം: വേനൽക്കാലത്ത് ഈരയിൽക്കടവ് റോഡിലെ തരിശിട്ട പാടശേഖരങ്ങളിൽ സാമൂഹ്യവിരുദ്ധർ തള്ളിയ മാലിന്യങ്ങൾ ഒറ്റ മഴയിൽ തിരികെ കരയിലെത്തി. മാലിന്യങ്ങൾ തിരികെ കരയിൽ വന്ന് നിറഞ്ഞതുമൂലം ഈരയിൽക്കടവ് റോഡിന്റെ ഇരുവശങ്ങളിലും ദുർഗന്ധവും, തെരുവുനായ ശല്യവും അതിരൂക്ഷമായിരിക്കുകയാണ്.
റോഡ് നിർമ്മാണം പൂർത്തിയാകും മുൻപ് തന്നെ ഈരയിൽക്കടവ് റോഡിന്റെ ഇരുവശങ്ങളിലെയും തരിശിട്ട പാടശേഖരങ്ങളിൽ വൻ തോതിൽ മാലിന്യം തള്ളിയിരുന്നു. മുപ്പായിക്കാട് പാടശേഖരത്തിലും, സമീപത്തെ പാടശേഖരത്തിലും കൃഷിയിറക്കിയതോടെ ഇവിടെ മാലിന്യം തള്ളുന്നതിന് കുറവുണ്ടായെങ്കിലും സമീപത്തെ തരിശിട്ടുകിടക്കുന്ന പാടശേഖരങ്ങൾ മാലിന്യം തള്ളുന്നവർ ലക്ഷ്യമിട്ടു. ചാക്കിൽക്കെട്ടി കൊണ്ടു വരുന്ന മാലിന്യങ്ങൾ റോഡിൽ വാഹനങ്ങൾ നിറുത്തിയ ശേഷം വെള്ളത്തിലേയ്‌ക്ക് തള്ളുകയാണ് ചെയ്‌തിരുന്നത്. ഇത്തരത്തിൽ തള്ളിയ ടൺകണക്കിന് മാലിന്യമാണ് കഴിഞ്ഞ ദിവസങ്ങളിൽ പെയ്‌ത മഴയിൽ റോഡിലേയ്‌ക്കും, റോഡരികിലെ സ്ഥലത്തേയ്‌ക്കും കയറിയത്. എന്നാൽ, ഈ മാലിന്യം നീക്കം ചെയ്യാൻ നഗരസഭ അധികൃതരോ പൊതുമരാമത്ത് വകുപ്പോ തയ്യാറാകുന്നില്ല.
കയർ ഭൂവസ്‌ത്രവും താറുമാറാകും
ഈരയിൽക്കടവ് റോഡ് ടാറിംഗിനായി മണ്ണിട്ടുയർത്തിയപ്പോൾ, ഇതിന്റെ ഇരുവശങ്ങളിലും കയർ ഭൂവസ്‌ത്രം വിരിച്ചിരുന്നു. മണ്ണിടിഞ്ഞ് റോഡ് അപകടാവസ്ഥയിലാകാതിരിക്കാനാണ് ഇത്തരത്തിൽ കയർ ഭൂവസ്‌ത്രം വിരിച്ചത്. എന്നാൽ, കനത്ത മഴയിൽ റോഡിന്റെ വശങ്ങളിൽ വെള്ളം കയറിയതോടെ കയർ ഭൂവസ്‌ത്രവും അപകടാവസ്ഥയിലായി. പല സ്ഥലങ്ങളിലും കയർ ഭൂവസ്‌ത്രം നശിച്ച നിലയിലാണ്. ഇത് റോഡിനെ അപകടത്തിലാക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്.