water-tank

തലയോലപ്പറമ്പ് : ഏതു നിമിഷവും ഇടിഞ്ഞുവീഴാമെന്ന നിലയിലായ പതി​റ്റാണ്ടുകളായി തലയോലപ്പറമ്പ് പഞ്ചായത്തിലും സമീപ പ്രദേശങ്ങളിലുള്ളവർക്കും കുടിവെള്ളം നൽകിക്കൊണ്ടിരുന്ന പഴയ ജലസംഭരണി ഇന്ന് ജനങ്ങൾക്ക് ഭീഷണിയായി മാറിയിരിക്കുകയാണ്. തലയോലപ്പറമ്പ് പഞ്ചായത്തിലെ വടയാർ ഇളങ്കാവ് ജംഗ്ഷന് സമീപമുള്ള ഉപയോഗശൂന്യമായ കുടിവെള്ള സംഭരണിയാണ് അപകട ഭീഷണി ഉയർത്തി നിൽക്കുന്നത്. ഇതിന് സമീപത്ത് പുതിയ സംഭരണി നിർമ്മിച്ച് കമ്മീഷൻ ചെയ്ത് കുടിവെള്ള വിതരണം ആരംഭിച്ചെങ്കിലും പഴയ ജലസംഭരണി പൊളിച്ച് നീക്കാത്തത് മൂലം സമീപത്ത് സ്ഥിതി ചെയ്യുന്ന നിരവധി വീടുകൾ, സഹകരണ ബാങ്ക്, ഗവ. ഹോമിയോ ഡിസ്‌പെൻസറി, ബസ് സ്​റ്റോപ്പ്, ഓട്ടോ സ്​റ്റാന്റ്, പോസ്​റ്റോഫീസ്, നിരവധി വ്യാപാര സ്ഥാപനങ്ങൾ പുതിയ ജലസംഭരണി എന്നിവയ്ക്ക് കടുത്ത ഭീഷണിയായി മാറിയിരിക്കുകയാണ്. സമീപത്തെ 4 ഓളം സ്‌കൂളുകളിലേക്കും ദേവാലയങ്ങളിലേക്കും ധനകാര്യ സ്ഥാപനങ്ങളിലേക്കും വിദ്യാർത്ഥികൾ ഉൾപ്പടെ നൂറുകണക്കിന് യാത്രക്കാരാണ് ഇതിന് സമീപത്തുകൂടി നിത്യേന കടന്ന് പോകുന്നത് എന്നത് അപകട വ്യാപ്തി വർദ്ധിപ്പിക്കുന്നു. ഭീഷണി ഉയർത്തുന്ന കുടിവെള്ള സംഭരണി പൊളിച്ച് നീക്കണമെന്ന് നിരവധി തവണ ആവശ്യം നാട്ടുകാർ ഉന്നയിച്ചെങ്കിലും അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് ആക്ഷേപം ശക്തമാണ്.