കോട്ടയം: ഇന്നലെ നടക്കേണ്ടിയിരുന്ന കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ക്വാറമില്ലാതാക്കി ഇന്നത്തേയ്ക്ക് മാറ്റി.

ജോസ് -ജോസഫ് വിഭാഗം രണ്ടു സ്ഥാനാർത്ഥികളെ നിറുത്തി രണ്ട് വിപ്പു പുറപ്പെടുവിച്ചതുമൂലമുണ്ടായ പ്രതിസന്ധി യു.ഡി.എഫ് നേതൃത്വമിടപെട്ടിട്ടും പരിഹരിക്കാനാവാതെ വന്നതോടെ കോൺഗ്രസ്, കേരള കോൺഗ്രസ് അംഗങ്ങളോട് വിട്ടു നിൽക്കാൻ ആവശ്യപ്പെട്ട് ക്വാറമില്ലാതാക്കുകയായിരുന്നു. സമവായത്തിന് യു.ഡി.എഫ് നേതാക്കൾ അവസാന ശ്രമം നടത്തുന്നുണ്ടെങ്കിലും ഇന്ന് തിരഞ്ഞെടുപ്പ് വീണ്ടും നടത്തുമ്പോൾ അട്ടിമറി നടക്കുമോ എന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്.

22ൽ 14 അംഗങ്ങൾ വിട്ടു നിന്നതോടെ ക്വാറമില്ലാതെ വരണാധികാരിയായ ജില്ലാ കളക്ടർ തിരഞ്ഞെടുപ്പ് മാറ്റുകയായിരുന്നു. ക്വാറമില്ലെങ്കിലും ഇന്ന് തിരഞ്ഞെുപ്പ് നടത്താം. എട്ട് അംഗങ്ങളുള്ള ഇടതുപക്ഷം പ്രസിഡന്റ് സ്ഥാനാർത്ഥിയായി കെ.രാജേഷിനെ പ്രഖ്യാപിച്ചിട്ടുണ്ട്. മാണി വിഭാഗം ഇടതു മുന്നണിപിന്തുണയോടെ കോൺഗ്രസ് പ്രസിഡന്റ് സ്ഥാനാർത്ഥിയെ നേരത്തേ പരാജയപ്പെടുത്തിയ സാഹചര്യമുള്ളതിനാൽ അട്ടിമറി പ്രചാരണം ശക്തമാണ്.ഇരു നേതാക്കളെയും അനുനയിപ്പിക്കാനുള്ള അവസാന വട്ട ചർച്ച യു.ഡി.എഫ് നേതാക്കൾ നടത്തുന്നുണ്ട്.

അജിത്ത് മുതിരമലയ്ക്ക് വോട്ട് ചെയ്യണമെന്ന് ആറ് കേരള കോൺഗ്രസ് അംഗങ്ങൾക്കും വർക്കിംഗ് ചെയർമാൻ ജോസഫും സെബാസ്റ്റ്യൻ കുളത്തുങ്കലിന് വോട്ട് ചെയ്യണമെന്ന് ജോസ് വിഭാഗം ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടവും വിപ്പ് നൽകിയിട്ടുണ്ട്. അജിത്തിന്റെ പേര് നിർദ്ദേശിക്കാനും പിന്തുണക്കാനും രണ്ട് അംഗങ്ങൾ വേണം. ജോസ് ഗ്രൂപ്പിലുള്ള ഒരംഗത്തെ ജോസഫ് മറുകണ്ടം ചാടിക്കുകയും ജനപക്ഷം അംഗത്തിന്റെ പിന്തുണ ഉറപ്പാക്കുകയും ചെയ്തിട്ടുള്ളതായറിയുന്നു. എട്ട് കോൺഗ്രസ് അംഗങ്ങൾ പിന്തുണച്ചാലേ ജോസ് -ജോസഫ് വിഭാഗത്തിൽ നിന്നുള്ള അംഗം തിരഞ്ഞെടുക്കപ്പെടൂ. എട്ട് ഇടതു അംഗങ്ങളുടെ പിന്തുണ ലഭിച്ചാലും അജിത്തിന് സാദ്ധ്യതയില്ല.സെബാസ്റ്റ്യനു സാദ്ധ്യതയുമുണ്ട്. യു.ഡി.എഫിനെ പിന്തുണക്കാത്ത സി.പി.ഐ അംഗം വിട്ടു നിന്നേക്കും. തർക്ക പരിഹാരത്തിന് കോൺഗ്രസ് സ്ഥാനാർത്ഥി മത്സരിക്കുന്ന സാഹചര്യവും തള്ളിക്കളയാനാകില്ല .

യു.ഡി.എഫ് ഒറ്റക്കെട്ട്: ജോസ് കെ.മാണി

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് ഒറ്റക്കെട്ടായി നിൽക്കുമെന്ന് ജോസ് കെ.മാണി പത്രസമ്മേളനത്തിൽ പറഞ്ഞു. യു.ഡി.എഫ് കേരളാ കോൺഗ്രസ് (എം) സ്ഥാനാർത്ഥി സെബാസ്റ്റ്യൻ കുളത്തുങ്കലിനെ വിജയിപ്പിക്കും. യു.ഡി.എഫ് സംസ്ഥാന നേതൃത്വം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചർച്ചകൾക്ക് കൂടുതൽ സമയം വേണമെന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പങ്കെടുക്കാതിരുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ കത്തിന്റെ പേരിൽ ജോസഫ് വിഭാഗം നടത്തുന്നത് നുണപ്രചാരണങ്ങളാണ്.

യു.ഡി.എഫ് അംഗീകരിക്കും : മോൻസ് ജോസഫ്

ലയനസമയത്ത് കെ.എം.മാണിയുമായുണ്ടാക്കിയ ധാരണ പ്രകാരം ജില്ലാ പഞ്ചായത്തിലെ അവസാന ടേം ജോസഫ് വിഭാഗത്തിന് അർഹതപ്പെട്ടതാണ്. വിപ്പ് അധികാരം സൗകര്യാർത്ഥം ജില്ലാ പ്രസിഡന്റുമാർക്ക് നേരത്തേ കൊടുത്തത് വർക്കിംഗ് ചെയർമാൻ പി.ജെ.ജോസഫ് തിരിച്ചെടുത്തത് യു.ഡി.എഫ് അംഗീകരിക്കുമെന്നാണ് പ്രതീക്ഷ . പ്രസിഡന്റ് സ്ഥാനത്തേക്ക് അജിത്തിന്റെ പേര് നിർദ്ദേശിക്കാനും പിന്തുണക്കാനും ജില്ലാ പഞ്ചായത്ത് അംഗങ്ങളുണ്ടാകും. ജനപക്ഷ അംഗം പിന്തുണച്ചാലും സ്വീകരിക്കും .