ചങ്ങനാശേരി: തെങ്ങണ ജംഗ്ഷനിലെ മാലിന്യ കൂമ്പാരം രോഗഭീതി ഉയർത്തുന്നതായി നാട്ടുകാരുടെ പരാതി. പഞ്ചായത്ത് വനിതാ തൊഴിൽ പരിശീലന കേന്ദ്രത്തിനു മൂൻവശത്തുള്ള സ്ഥലത്തെ ഒഴുക്കു നിലച്ചു കിടക്കുന്ന തോട്ടിലാണ് മാലിന്യം തള്ളുന്നത്. മലിനജലം കെട്ടിക്കിടന്ന് ദുർഗന്ധം വമിക്കുകയാണ്. പ്രദേശത്തെ ഹോട്ടലുകളിൽ നിന്നും വ്യാപാര സ്ഥാപനങ്ങളിൽ നിന്നുമെല്ലാമുള്ള മാലിന്യം ഈ ഒഴുക്കു നിലച്ച തോട്ടിലാണ് തള്ളുന്നതെന്നാണ് ആക്ഷേപം. രാത്രിയുടെ മറവിൽ മറ്റ് സ്ഥലങ്ങളിൽ നിന്നും വാഹനങ്ങളിലെത്തുന്ന ആളുകൾ ഇവിടേയ്ക്ക് മാലിന്യം വലിച്ചെറിയുന്നതായും ആക്ഷേപം ഉണ്ട്. മാലിന്യം കെട്ടിക്കിടക്കുന്നത് പകർച്ചവ്യാധി പകരാൻ കാരണമാകുമെന്നാണ് നാട്ടുകാരുടെ ആശങ്ക. ഈ തോട്ടിനു എതിർവശത്താണ് ബസ് കാത്തിരിപ്പുകേന്ദ്രം. വിദ്യാർത്ഥികളുൾപ്പെടെ നൂറുകണക്കിനു ആളുകളാണ് ദിവസവും ഈ കാത്തിരിപ്പു കേന്ദ്രത്തിലെത്തുന്നത്. വനിതാ പരിശീലന കേന്ദ്രം ഉപയോഗ ശൂന്യമായി കിടക്കുകയാണ്. കാടുകയറി കിടക്കുന്ന ഈ കേന്ദ്രം പരാതികൾ ഉയരുമ്പോൾ പഞ്ചായത്ത് അധികൃതർ കാട് വെട്ടിതെളിച്ച് വൃത്തിയാക്കിയിടും. വീണ്ടും പഴയടപടി തന്നെയാണ് അവസ്ഥ. വർഷങ്ങളായി ആയിരക്കണക്കിനു രൂപയാണ് കാട് വൃത്തിയാക്കുന്നതിനായ് പാഴാക്കുന്നതെന്നും പരാതിയുണ്ട്.