കുറുപ്പന്തറ: മാഞ്ഞൂരിലും കോതനല്ലൂരിലും പരിസര പ്രദേശങ്ങളിലും രാത്രി കാലങ്ങളിൽ മോഷ്ടാക്കളുടെയും സാമൂഹ്യ വിരുദ്ധരുടെയും ശല്യം അതിരൂക്ഷമാകുന്നതായി പരാതി. രാത്രികാലത്ത് പ്രദേശത്തെ വീടുകളിലുള്ള ആളുകളെ സാമൂഹ്യ വിരുദ്ധർ അസഭ്യം പറയുകയും, കല്ലെറിയുന്നതും പതിവാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. കോടികുളം ജംഗ്ഷനു സമീപം കാക്കരശേരിൽ ജോയി , സ്മിനു എന്നിവരുടെ വീടുകളിൽ സാമൂഹ്യ വിരുദ്ധർ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ചാമക്കാല, കുറുപ്പന്തറ, മാഞ്ഞൂർ സൗത്ത്, കോതനല്ലൂർ എന്നിവിടങ്ങളിലെ വീടുകൾക്ക് നേരെയാണ് സാമൂഹ്യ വിരുദ്ധ സംഘം ആക്രമണം നടത്തുന്നത്. പത്തു വീടുകൾ സാമൂഹ്യ വിരുദ്ധ സംഘത്തിന്റെ ആക്രമണത്തിന് രണ്ടാഴ്ചയ്ക്കിടെ ഇരയായിട്ടുണ്ട്. കഞ്ചാവ് മാഫിയയും, മദ്യപാന സംഘവുമാണ് ഇവിടെ ആക്രമണങ്ങൾ നടത്തുന്നതിനു പിന്നിലെന്ന് നാട്ടുകാർ പറയുന്നു. വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷമാണ് പല സ്ഥലത്തും ആക്രമണം നടത്തുന്നത്. കോതനല്ലൂർ ടൗണിൽ കഴിഞ്ഞ ദിവസം അഞ്ചു കടകളിലാണ് മോഷണം നടന്നത്. അടിയന്തരമായി പൊലീസ് ഈ സ്ഥലങ്ങളിൽ പരിശോധന നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.