കോട്ടയം: സംസ്ഥാന സർക്കാരിന്റെ വിദ്യാർത്ഥി വിരുദ്ധ നയങ്ങൾ തിരുത്തുക, പി.എസ്.സി ക്രമക്കേടുകൾ സി.ബി.ഐ അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എ.ബി.വി.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.ഡി.ഇ ഓഫിസ് മാർച്ച് നടത്തി. തിരുനക്കരയിൽ നിന്നാരംഭിച്ച മാർച്ച് ഡി.ഡി ഓഫിസിനു മുന്നിൽ പൊലീസ് ബാരിക്കേഡ് ഉയർത്തി തടഞ്ഞു. ബാരിക്കേഡ് മറിച്ചിടാൻ പ്രവർത്തകർ ശ്രമിച്ചത് ആദ്യം നേരിയ സംഘർഷത്തിന് ഇടയാക്കി. തുടർന്ന് പ്രവർത്തകരും പൊലീസും തമ്മിൽ പത്തുമിനിറ്റോളം ഉന്തും തള്ളുമുണ്ടായി. ഇതിനു ശേഷം റോഡിൽ കുത്തിയിരുന്നു പ്രവർത്തകർ പ്രതിഷേധിച്ചു. തുടർന്ന് ചേർന്ന യോഗം എ.ബി.വി.പി സംസ്ഥാന ജോ.സെക്രട്ടറി കെ.സി അരുൺ ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് കെ.എൻ ഹരികൃഷ്‌ണൻ, ജില്ലാ സെക്രട്ടറി സി.സന്ദീപ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ അഭിജിത്ത് ബാബു, ആർ.അഖിൽ, ഗോവിന്ദ്, ജില്ലാ വിദ്യാർത്ഥിനി പ്രമുഖ ഗംഗാ രാജൻ എന്നിവർ പ്രസംഗിച്ചു.

ഉദ്ഘാടനത്തിന് ശേഷം വീണ്ടും പൊലീസും പ്രവർത്തകരും തമ്മിൽ നേരിയ ഉന്തും തള്ളുമുണ്ടായി. പിരിഞ്ഞ് പോകാൻ കൂട്ടാക്കാതെ റോഡിൽ കുത്തിയിരുന്ന പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌തു നീക്കി. പ്രവർത്തകരെ അറസ്റ്റ് ചെയ്‌ത് നീക്കാനുള്ള ശ്രമം നേരിയ സംഘർഷത്തിന് ഇടയാക്കി.