civil

പാലാ: നൂറുകണക്കിന് സിവിൽ സർവീസ് ഉദ്യോഗസ്ഥരെ സൃഷ്‌ടിച്ച പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിന് പുതിയ ആസ്ഥാന മന്ദിരം ഉയരുന്നു. പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടിനോടു ചേർന്ന് അരുണാപുരം സെന്റ് തോമസ് പള്ളി റോഡ് വക്കിലാണ് ആറു നില മന്ദിരം പണിതുയർത്തുന്നതെന്ന് പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ജോസഫ് വെട്ടിക്കൻ പറഞ്ഞു. ആദ്യഘട്ട നിർമ്മാണത്തിന് ഏഴു കോടിയിലേറെ രൂപ ചെലവഴിക്കും.

വിശാലമായ കാർ പാർക്കിംഗ് സൗകര്യത്തോടു കൂടി നിർമ്മിക്കുന്ന മന്ദിരത്തിന്റെ ആദ്യ നിലയിൽ ഓഫീസും മൂന്നു ക്ളാസ് മുറികളുമുണ്ട്. രണ്ടാം നിലയിൽ വിശാലമായ ലൈബ്രറിയാണ്.

തുടർന്നുള്ള നിലകളിൽ വിപുലമായ ക്ലാസ് മുറികളും മുകൾനിലയിൽ വിശാലമായ ഓഡിറ്റോറിയവുമുണ്ടാകും. 'സിവിൽ സർവീസ് കോംപ്ലക്‌സ്" എന്ന് പേരിട്ടിരിക്കുന്ന ആധുനിക മന്ദിരം പൂർത്തിയാവുന്നതോടെ ആയിരത്തോളം ഉദ്യോഗാർത്ഥികൾക്ക് ഇവിടെ ഒരേസമയം പരിശീലനം കൊടുക്കാൻ കഴിയും.

ചിങ്ങപ്പിറവിയിൽ പുതിയ മന്ദിരത്തിന് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് കല്ലിടും. ബിഷപ്പുമാരായ മാർ ജേക്കബ് മുരിക്കൻ, മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ തുടങ്ങിയവർ പങ്കെടുക്കും. 1998ൽ പാലാ, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി രൂപതകളുടെ സംയുക്ത സംരംഭമായി ആരംഭിച്ച പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിന് ഇതിനോനടകം മുന്നൂറോളം സിവിൽ സർവീസ് ഉദ്യോഗസ്ഥരെ രാജ്യത്തിന് സംഭാവന ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. കേരള കേഡറിലെ മുപ്പതോളം സിവിൽ സർവീസ് ഉദ്യോഗസ്ഥർ ഇവിടുത്തെ പൂർവ വിദ്യാർത്ഥികളാണ്. മസ്സൂറിയിൽ സിവിൽ സർവീസ് ജേതാക്കൾക്ക് പരിശീലനം കൊടുക്കുന്ന ഐ.എ.എസ്. അക്കാഡമിയുടെ നിലവിലെ ഡയറക്‌ടർ എസ്. അശ്വതിയും പാലാ ഇൻസ്റ്റിറ്റ്യൂട്ടിൽ സിവിൽ സർവീസ് പരീക്ഷാ പരിശീലനം നേടിയ ആളാണ്.

ഫാ.ഡോ. ഫിലിപ്പ് ഞരളക്കാട്ട്, പ്രൊഫ.ഡോ. ജോസഫ് വെട്ടിക്കൻ, ഡോ. മാത്യൂ ജോസഫ്, ഡോ. ബേബി തോമസ്, പ്രൊഫ. ജോർജ് ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ദൈനംദിന പ്രവർത്തനം. ആരംഭകാലം മുതൽ ഫാ.ഡോ. ഫിലിപ്പ് ഞരളക്കാട്ടാണ് മാനേജർ. 2010ലാണ് പ്രൊഫ. ഡോ. ജോസഫ് വെട്ടിക്കൻ പ്രിൻസിപ്പലായി സ്ഥാനമേറ്റത്. അടുത്തിടെ എം.ജി. യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസലർ ഡോ. സിറിയക് തോമസ് ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ അക്കാഡമിക് ഡീൻ ആയി ചുമതലയേറ്റിട്ടുമുണ്ട്.