പാലാ : ജനറൽ ആശുപത്രിയിൽ പെരുകി വരുന്ന വാഹനങ്ങളുടെ പാർക്കിംഗ് പ്രശ്‌നത്തിന് ആര് ചികിത്സ നൽകും? പ്രശ്‌നം വലുതായിക്കൊണ്ടിരിക്കുമ്പോഴും ഇതിന് 'മരുന്ന് ' കണ്ടുപിടിക്കാൻ അധികാരികൾക്ക് കഴിയുന്നില്ല. ആശുപത്രിക്കുള്ളിൽ തിരക്കുമൂലം രോഗികൾ അടുങ്ങിയടുങ്ങി കിടക്കുന്നതിന്റെ തനി പകർപ്പാണ് പുറത്ത്. ഇവിടെ തലങ്ങും വിലങ്ങും ഇടയില്ലാതെ വീർപ്പുമുട്ടുന്നതു വാഹനങ്ങളാണെന്ന് മാത്രം! ആശുപത്രി അങ്കണത്തിലും പരിസരത്തും വാഹനക്കുരുക്ക് നിത്യസംഭവമാണ്.
ആശുപത്രിയിൽ എത്തുന്നവരുടെ വാഹനങ്ങൾ ക്രമീകരണമില്ലാതെ പാർക്കു ചെയ്യുന്നതാണ് കുരുക്ക് രൂക്ഷമാകാൻ കാരണം. ഇതോടെ ഗുരുതരാവസ്ഥയിലുള്ള രോഗികളുമായി എത്തുന്ന വാഹനങ്ങൾക്ക് അത്യാഹിത വിഭാഗത്തിലേക്ക് അടുക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്. പാർക്കിംഗ് ചാർജായി 30 രൂപ ഈടാക്കുന്നുണ്ടെങ്കിലും ക്രമീകരണമില്ലാത്ത പാർക്കിംഗ് മൂലം വാഹനങ്ങൾ ചലിപ്പിക്കാൻ പോലും സാധിക്കുന്നില്ല.
ഇടുക്കി ജില്ലയുടെ അതിർത്തിയിൽ നിന്നും മീനച്ചിൽ,കാഞ്ഞിരപ്പള്ളി താലൂക്കുകളിൽ നിന്നുമായി നൂറുകണക്കിന് രോഗികളാണ് ദിനംപ്രതി ഇവിടെ ചികിത്സ തേടിയെത്തുന്നത്. പുതിയ കെട്ടിട സമുച്ചയവും, ചികിത്സാ സൗകര്യങ്ങളും വർദ്ധിച്ചതോടെ കൂടുതൽ സ്ഥലങ്ങളിൽ നിന്ന് രോഗികളെത്താൻ സാദ്ധ്യത ഏറെയാണ്. നഗരസഭയാകട്ടെ ഇക്കാര്യത്തിൽ കടുത്ത നിസംഗത പുലർത്തുകയാണെന്നാണ് ആക്ഷേപം.
സ്ഥലപരിമിതി പ്രശ്‌നം : സൂപ്രണ്ട്
ആശുപത്രി അങ്കണത്തിലെ സ്ഥലപരിമിതിയാണ് പ്രധാന പ്രശ്‌നം. പുതിയ മന്ദിരത്തിന്റെ മുറ്റം നിരപ്പാക്കിയാൽ നിരവധി വാഹനങ്ങൾ പാർക്ക് ചെയ്യാനാകും. പഴയ കെട്ടിടം പൊളിച്ചു നീക്കി പാർക്കിംഗ് കേന്ദ്രമാക്കാനും ഉദ്ദേശമുണ്ട്.
ഡോ. അഞ്ജു.സി. മാത്യു, ജനറൽ ആശുപത്രി സൂപ്രണ്ട്
ദിനംപ്രതി എത്തുന്നത് നൂറുകണക്കിന് രോഗികൾ
വാഹനങ്ങളുടെ നിര റോഡിലേക്ക് നീളുന്നു
ശ്രദ്ധ പാർക്കിംഗ് ചാർജ് ഈടാക്കുന്നതിൽ
പാർക്കിംഗ് ചാർജ് : 30