കോട്ടയം: കെവിൻ വധക്കേസിൽ പ്രോസിക്യൂഷൻ തെളിവുകൾ കെട്ടിച്ചമച്ചതായി പ്രതിഭാഗത്തിന്റെ വാദം. കണ്ടെത്തിയതായി പറയുന്ന വാളുകൾ പൊലീസ് തന്നെ ആറ്റിൽ കൊണ്ടിട്ടതാണ്. വെള്ളത്തിൽ ഇറങ്ങി വാൾ എടുത്തതിന് സാക്ഷികളില്ല. ഉണ്ടെങ്കിൽ തന്നെ അവരെ വിസ്‌തരിച്ചിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചു. ഒൻപതാം പ്രതിയായ ടിറ്റു ജെറോമിന്റെ രക്‌തക്കറ ഇന്നോവ കാറിൽ നിന്ന് കണ്ടെത്തിയെന്ന വാദം സംശയാസ്‌പദമാണ്. ഡി.എൻ.എ പരിശോധന നടത്തിയെന്നതും വ്യാജമാണ്.

ടിറ്റു ജെറോമിന്റെ രക്തം ശേഖരിച്ച പൊലീസ് ഇത് കാറിൽ സ്‌പ്രേ ചെയ്‌ത ശേഷം ഈ സാമ്പിളാണ് ഡി.എൻ.എ പരിശോധനയ്‌ക്ക് അയച്ചത്. ടിറ്റുവിന്റെ വീട്ടിൽ നിന്നും മൊബൈൽ ഫോൺ കണ്ടെത്തി എന്നതും കളവാണ്. സംഭവത്തിന് രണ്ടു ദിവസം മുൻപ് ടിറ്റുവിന്റെ മൊബൈൽ ഫോൺ മോഷണം പോയി എന്ന മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടില്ല. പ്രതികളുടെ മുഖം മറച്ചാണ് തെളിവെടുപ്പ് നടത്തിയത്. ഇത് യഥാർത്ഥ പ്രതികളെ രക്ഷിക്കാനാണ്. 10-ാം പ്രതി വിഷ്ണുവിനെ പൊലീസ് അനധികൃത കസ്റ്റഡിയിൽ വച്ചിട്ടുണ്ട്. ഇതിന് ശേഷം ജൂൺ മൂന്നിന് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയെന്ന് കാണിച്ച് അറസ്റ്റ് രേഖപ്പെടുത്തിയെന്നും പ്രതിഭാഗം വാദിച്ചു.

ഇന്നലെയോടെ പ്രതിഭാഗത്തിന്റെ വാദം പൂർത്തിയായി. 29 ന് പ്രോസിക്യൂഷന്റെ മറുപടി വാദങ്ങളാണ് നടക്കുക.