കാഞ്ഞിരപ്പള്ളി : പാറത്തോട് ഗ്രേസി മെമ്മോറിയൽ ഹൈസ്‌കൂളിന്റേയും, പുളിമൂട് പ്രദേശവാസികളുടേയും അരനൂറ്റാണ്ടുകാലത്തെ കാത്തിരിപ്പിനും, യാത്രാദുരിതത്തിനും പരിഹാരമായി പാറത്തോട് പള്ളിപ്പടി ഗ്രേസി പുളിമൂട് പാലം ഇന്ന് പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കും. നിലവിലുണ്ടായിരുന്ന പാലം ഇടുങ്ങിയതും ദുർബലവുമായതിനാലാണ് പുതിയ പാലം നിർമ്മിച്ചത്. ദേശീയപാതയിൽ പാറത്തോട് പള്ളിപ്പടി ഭാഗത്തു നിന്നും, ഗ്രേസി മെമ്മോറിയൽ ഹൈസ്‌കൂളിലേയ്ക്കും, പുളിമൂട്,പാലപ്ര, മലനാട് പ്രദേശത്തേയ്ക്കുമുള്ള റോഡ് വീതികൂട്ടി ബസുകൾക്കും ഭാരവാഹനങ്ങൾക്കും സഞ്ചരിക്കാൻ പര്യാപ്തമാക്കിയിരുന്നെങ്കിലും, പാലത്തിന്റെ വീതിക്കുറവ് ഗതാഗതതടസമായി നിലനിൽക്കുകയായിരുന്നു. കൂടാതെ, കഴിഞ്ഞ പ്രളയകാലത്ത് പാലം അപകടാവസ്ഥയിലായതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിറുത്തലാക്കി. അടിയന്തര ഘട്ടങ്ങളിൽ പോലും ഇതുവഴിയുള്ള ഗതാഗതംഅസാദ്ധ്യമായ സാഹചര്യത്തിലാണ് ജില്ലാ പഞ്ചായത്തംഗം കെ.രാജേഷ് തുക അനുവദിച്ച് റെക്കാഡ് വേഗത്തിൽ പാലം പണി പൂർത്തീകരിച്ചത്. പാലംനിർമ്മാണം ആരംഭിച്ചപ്പോൾ വീതികൂട്ടി നിർമ്മിക്കുന്നതിനെതിരെ സ്ഥലവാസിയായ ഒരാൾ കലാപമുയർത്തിയെങ്കിലും ജനകീയകൂട്ടായ്മ രൂപീകരിച്ച് ഈ പ്രതിസന്ധിയും മറികടക്കാനായി. ഇതിനായി ഗ്രാമപഞ്ചായത്ത് അംഗങ്ങളും, സ്വാശ്രയസംഘങ്ങളും, കുടുംബശ്രീയും ഉൾപ്പെട്ട ജനകീയ കമ്മറ്റിയും രൂപീകരിച്ച് പ്രവർത്തിച്ചിരുന്നു. ഇന്ന് വൈകിട്ട് നാലിന് പഞ്ചായത്ത് പ്രസിഡന്റ് ബിനു സജീവിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ജില്ലാ പഞ്ചായത്തംഗം കെ.രാജേഷ് പാലം ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോഫി ജോസഫ്, ജനപ്രതിനിധികൾ,വിവിധകക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.

പാലം നിർമ്മിച്ചത് : അരനൂറ്റാണ്ട് മുൻപ്

കഴിഞ്ഞ പ്രളയത്തിൽ പാലത്തിന് ബലക്ഷയം

തുക അനുവദിച്ചത് ജില്ലാ പഞ്ചായത്തംഗം