എരുമേലി: വനത്തിൽ നിന്നു ശേഖരിച്ച കൂൺ പാകം ചെയ്‌ത് കഴിച്ച പന്ത്രണ്ട് പേരെ ശാരീരികാസ്വസ്ഥതകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കനകപ്പലം ശ്രീനിപുരം വാഴക്കാലായിൽ റിനോഷ് (44), ഭാര്യ ബീന (40), മകൻ അനന്ദു (22), കോട്ടേക്കാവനാൽ ബേബി 48), ഭാര്യ ഷൈനി (45), മകൾ റെൻസിമോൾ(12), മാളികവീട്ടിൽ ഷിജുവിന്റെ ഭാര്യ ഗീതു (28), എരുമേലിയിൽ ഹോട്ടൽ ജീവനക്കാരനായ ഓമല്ലൂർ പുരുഷോത്തമൻ(45), പതിനാലിൽതാഴെ ഷിബിൻ 25), എരപ്പുങ്കൽ ഗിരീഷ് (31), മുളങ്കുഴിയിൽ ജയകുമാർ (38), അജിത് (28) എന്നിവരെയാണ് മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.
ഷിബിനും സുഹൃത്തായ അജിത്തും ചേർന്നാണ് വീടിനു സമീപത്തുള്ള വനത്തിൽ നിന്ന് കൂൺ ശേഖരിച്ചത്. കൂൺ പാകം ചെയ്ത് കഴിച്ചതോടെ ഛർദ്ദിയും വിറയലും അനുഭവപ്പെട്ടു. മേഖലയിൽ നിരവധി ആളുകൾ കൂൺ ശേഖരിച്ച് കഴിക്കാറുണ്ട്. മഴക്കാലത്ത് ഇത്തരത്തിൽ കൂണുകൾ കഴിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കും. കഴിഞ്ഞ വർഷവും സമാന രീതിയിൽ ആളുകൾക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു. സ്ഥലത്ത് ആരോഗ്യവകുപ്പ് പരിശോധന നടത്തും. ഭക്ഷ്യവകുപ്പിന്റെ സഹായത്തോടെ സാമ്പിൾ ശേഖരിച്ച് കൂൺ പരിശോധനയ്ക്കായി അയയ്ക്കും.