പാലാ : മദ്യപിച്ചിട്ടുണ്ടോ എന്നറിയാൻ കാർ ഓടിക്കുന്നയാൾ മാത്രം ' ഊതിയാൽ ' പോരാ, വണ്ടിയിൽ ഇരിക്കുന്ന മറ്റുള്ളവരും 'ഊതണം'. പുതിയ നിയമം പാലാ പൊലീസിന്റേതാണ്. ഇന്നലെ വൈകിട്ട് 6.15 ഓടെ പാലാ ടൗൺ ബസ് സ്റ്റാൻഡിന് എതിർവശമാണ് സംഭവം. എസ്.ഐ.ബിനോദ് കുമാറും സംഘവുമാണ് കാർ കൈകാണിച്ച് നിറുത്തിയത്. ചാടിയിറങ്ങിയ ഒരു പൊലീസുകാരൻ കാറോടിച്ചിരുന്നയാളോട് ബ്രീത്ത് അനലൈസറിൽ ഊതാൻ ആവശ്യപ്പെട്ടു. 'തെളിവ് കിട്ടാത്തതിന്റെ' നിരാശയിലാവണം അടുത്തിരുന്നയാൾക്ക് നേരെയും മെഷിൻ നീട്ടി. താൻ എന്തിനാണ് ഊതുന്നതെന്ന് ആരാഞ്ഞെങ്കിലും ''പെട്ടെന്ന് ഊത്, ഞങ്ങൾ പോട്ടെ' എന്നായിരുന്നു മറുപടി. ജീപ്പിലിരുന്ന എസ്.ഐ ആകട്ടെ ഇതു ശ്രദ്ധിച്ചുമില്ല. പിന്നീട് ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ഡ്രൈവറെ അല്ലാതെ ഊതിക്കാൻ വഴിയില്ലല്ലോ, ഇക്കാര്യം അന്വേഷിക്കാം എന്നായിരുന്നു മറുപടി.