കോട്ടയം: നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ രാജ് കുമാറിനെ ഉരുട്ടിക്കൊന്ന കേസിൽ മുൻ എസ്.പി കെ.ബി. വേണുഗോപാലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ആരോപണം ശക്തമായതിനെ തുടർന്ന് അദ്ദേഹത്തെ സ്ഥലം മാറ്റിയെങ്കിലും കൂടുതൽ തെളിവുകൾ ലഭിച്ച സാഹചര്യത്തിൽ ചോദ്യം ചെയ്യാനുള്ള അനുമതി നൽകാനൊരുങ്ങുകയാണ് ആഭ്യന്തരവകുപ്പ്. നടപടിക്രമങ്ങൾ പൂർത്തിയാകുന്നതും കാത്തിരിക്കുകയാണ് ക്രൈംബ്രാഞ്ച് സംഘം.
അതേസമയം, വേണുഗോപാൽ ജില്ലാ പൊലീസ് മേധാവിയായിരുന്നപ്പോൾ കൊലക്കേസ് ഉൾപ്പെടെ പല കേസുകളിലും അമിത സ്വാധീനം ചൊലുത്തി പ്രതികളെ രക്ഷപ്പെടുത്തിയിരുന്നതായും ചിലരെ മന:പൂർവം പ്രതികളാക്കിയതായും ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചിട്ടുണ്ട്. രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ ഏതാനും മാസങ്ങൾക്കു മുമ്പ് ഒരു കോൺഗ്രസ് നേതാവിനെ പ്രതിയാക്കി കേസ് എടുത്ത വിവരവും പുറത്തായിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവി സ്റ്റേഷനിലെത്തിയാണ് നടപടി എടുക്കാൻ ഉത്തരവിട്ടത്. ഒടുവിൽ കോടതി ഇടപെട്ടതിനെ തുടർന്നാണ് ഇയാൾക്ക് വിടുതൽ ലഭിച്ചത്. ഈ കേസും അന്വേഷിക്കണമെന്ന് യു.ഡി.എഫും കോൺഗ്രസും സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ, നെടുങ്കണ്ടം കസ്റ്റഡിമരണത്തിൽ ഒരു ഹോംഗാർഡ് ഉൾപ്പെടെ മൂന്നു പേരെകൂടി ഇന്നലെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐയും റൈറ്ററുമായ റോയി പി. വർഗീസ്, സി.പി.ഒ ജിതിൻ കെ. ജോർജ്, ഹോം ഗാർഡ് കെ.എം ജയിംസ് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. രാജ്കുമാർ കസ്റ്റഡിയിലായിരുന്ന ദിവസങ്ങളിൽ വിവരങ്ങൾ ഉന്നത ഉദ്യോഗസ്ഥരിൽ നിന്ന് മറച്ചുവയ്ക്കുകയും പ്രതിയെ കോടതിയിൽ ഹാജരാക്കാതിരുന്നതുമാണ് റോയി പി. വർഗീസിനെതിരെയുള്ള കുറ്റം. സി.പി.ഒ ജിതിൻ കെ. ജോർജ്ജ്, ഹോം ഗാർഡ് കെ.എം. ജയിംസ് എന്നിവർ രാജ്കുമാറിനെ മർദ്ദിക്കാൻ കൂട്ടുനിന്നതായി ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ഇന്നലെ മൂന്നു പേരെയും നെടുങ്കണ്ടത്തെ ക്യാമ്പ് ഓഫീസിൽ വിളിച്ചുവരുത്തി ഒരിക്കൽകൂടി ചോദ്യം ചെയ്തശേഷമാണ് വൈകുന്നേരം നാലു മണിയോടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് വൈദ്യ പരിശോധനക്ക് മൂവരെയും വിധേയമാക്കി. റോയി, വർഗീസ് എന്നിവരുടെ ഇ.സി.ജിയിൽ നേരിയ വ്യതിയാനം കണ്ടെത്തിയതിനെ തുടർന്ന് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരെ ഇന്ന് പീരുമേട് കോടതിയിൽ ഹാജരാക്കും.
എസ്.ഐ ഉൾപ്പെടെ നാലു പേരെ ഈ കേസിൽ നേരത്തെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. എസ്.ഐ കെ.എ.സാബു, എ.എസ്.ഐ സി.ബി റെജിമോൻ, ഡ്രൈവർമാരായ എസ്.നിയാസ്, സജീവ് ആന്റണി എന്നിവർ ഇപ്പോൾ റിമാൻഡിലാണ്. സാബുവിന്റെയും സജീവ് ആന്റണിയുടെയും ജാമ്യാപേക്ഷയിൽ ഇന്ന് തൊടുപുഴ കോടതി വിധി പറയാനിരിക്കുകയാണ്.
ജില്ലാ പൊലീസ് ചീഫ് ആയിരുന്ന വേണുഗോപാലിന്റെ നിർദ്ദേശപ്രകാരമാണ് താൻ രാജ്കുമാറിനെ കസ്റ്റഡിയിൽ വച്ചതെന്നും എല്ലാദിവസവും സംഭവങ്ങൾ വാട്സ് ആപ്പിലൂടെയും മറ്റും എസ്.പിയെ അറിയിച്ചിരുന്നുവെന്നും അറസ്റ്റിലായ എസ്.ഐ സാബു ക്രൈംബ്രാഞ്ചിനും കോടതിയിലും മൊഴി നല്കിയിരുന്നു. മേലുദ്യോഗസ്ഥരുടെ നിർദ്ദേശം അനുസരിക്കുക മാത്രമാണ് തങ്ങൾ ചെയ്തതെന്ന് ഇന്നലെ അറസ്റ്റിലായ എ.എസ്.ഐ ഉൾപ്പെടെയുള്ളവർ ക്രൈംബ്രാഞ്ചിനോട് പറഞ്ഞതായും അറിയുന്നു.