കുറവിലങ്ങാട്: എം.സി റോഡിൽ പലയിടത്തും അപകടഭീഷണി ഉയർത്തി ഫുട്പാത്തുകൾ തകർന്നത് കാൽനടയാത്രികരെ ദുരിതത്തിലാക്കുന്നു. കുട്ടികളുൾപ്പെടെ നിരവധി പേർ സഞ്ചരിക്കുന്ന വഴിയിൽ ഫുട്പാത്തുകൾ തകർന്നിട്ടും ഇത് നന്നാക്കുന്നതിനായി അധികൃതർ ഇടപെടുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. മൂന്ന് വർഷം മുമ്പ് കെ.എസ്.ടി.പിയുടെ നേതൃത്വത്തിൽ നടന്ന റോഡ് നവീകരണത്തിന്റെ ഭാഗമായി നിർമ്മിച്ച ഫുട്പാത്താണ് തകർന്നിരിക്കുന്നത്. ശ്രദ്ധിച്ച് നടന്നില്ലെങ്കിൽ സ്ലാബുകൾ തകർന്ന് രൂപപ്പെട്ടിരിക്കുന്ന വലിയ കുഴികളിൽ വീണ് അപകടം സംഭവിക്കുമെന്നുറപ്പാണ്. കുറവിലങ്ങാട് പള്ളിക്കവല മുതൽ പലയിടത്തും സ്ലാബുകൾ തകർന്നതായി കാണാം. ശക്തമായ മഴയിൽ ഈ ഭാഗത്ത് ഓവ് ചാലിൽ നിന്ന് അഴുക്കുവെള്ളം റോഡിലേക്ക് ഒഴുകുന്നതിനും ഇത് കാരണമാകുമെന്നതാണ് മറ്റൊരു ദുരിതം. റോഡ് നവീകരണത്തിന് ശേഷം പല ഭാഗത്തേയും ഓടകൾക്ക് മൂടിയില്ലാത്തതും പ്രധാന പ്രശ്‌നമാണ്. പള്ളിക്കവല മുതൽ കോഴാ വരെയുള്ള ഭാഗങ്ങളിൽ അനധികൃത പാർക്കിംഗ് വ്യാപകമായതും കാൽനടയാത്രക്കാരെ വലയ്ക്കുന്നതായി പരാതിയുണ്ട്. നടപ്പാതയിലേക്ക് കയറിയാണ് പല വാഹനങ്ങളും പാർക്ക് ചെയ്യുന്നത്. ശക്തമായ നടപടികൾ സ്വീകരിക്കാൻ അപകടം സംഭവിക്കുന്നത് വരെ കാത്തിരിക്കണമോയെന്നാണ് നാട്ടുകാരുടെ ചോദ്യം.