കോട്ടയം: കാട്ടുപോത്തിനെ വെടിവച്ച് കൊന്ന് ഉണക്കി ഇറച്ചിയാക്കിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചതോടെ ഇറ്റലിയിലേക്ക് പറന്ന ബോട്ടിതോമ്മ അഞ്ചു വർഷത്തിനുശേഷം വനംവകുപ്പിന്റെ പിടിയിലായി. കോട്ടയം ഉഴവൂർ സ്വദേശി തൊട്ടിയിൽ ബോട്ടിതോമ്മ എന്നുവിളിക്കുന്ന തോമസ് പീറ്ററാണ് (49) അഴിക്കുള്ളിലായത്. സ്പിരിറ്റ് കേസിലും ഇയാൾ പ്രതിയാണ്.

2014 ജൂണിലാണ് കേസിനാസ്പദമായ സംഭവം. പീച്ചി വാഴാനി വന്യ മൃഗ സങ്കേതത്തിലാണ് അതിക്രമിച്ചു കയറി കാട്ടുപോത്തിനെ വെടിവച്ചിട്ടത്. ബോട്ടിതോമ്മയോടൊപ്പം ഒൻപതു പേരും ഉണ്ടായിരുന്നു. വന്യമൃഗ സങ്കേതത്തിലെ വാട്ടക്കുഴിയിൽ കാട്ടുപോത്തിനെ വെടിവച്ചുകൊന്ന് ഇറച്ചിയാക്കിയെന്ന വിവരം ദിവസങ്ങൾ കഴിഞ്ഞാണ് വനംവകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഇതേ തുടർന്ന് കാട്ടിനുള്ളിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. പോത്തിന്റെ തലയും തോലും എല്ലുകളും കൊടുംവനത്തിൽ നിന്ന് കണ്ടെടുത്തു. ഇതേ തുടർന്നുള്ള അന്വേഷണത്തിൽ സംഘത്തിലുണ്ടായിരുന്ന എല്ലാവരെയും പലപ്പോഴായി അകത്താക്കി.

പ്രതികളുടെ വീടുകളിൽ നിന്ന് കാട്ടുപോത്തിന്റെ ഉണക്കിയ ഇറച്ചി കണ്ടെടുത്തിരുന്നു. ബോട്ടിതോമ്മയുടെ വീട്ടിൽ നിന്ന് നൂറു കിലോയോളം ഉണക്കയിറച്ചിയാണ് പിടിച്ചെടുത്തത്. പക്ഷേ, ഇയാളെ പിടികൂടാൻ വനംവകുപ്പിന് കഴിഞ്ഞില്ല. ദിവസങ്ങൾ കഴിയും മുമ്പേ ഇയാൾ ഇറ്റലിയിലേക്ക് പറന്നു. വേട്ടസംഘം 400 കിലോയോളം ഉണക്കയിറച്ചി വിറ്റിരുന്നതായും വനംവകുപ്പിന് വിവരം ലഭിച്ചിരുന്നു.

ഇയാളെ നാട്ടിൽ കൊണ്ടുവരാൻ വനംവകുപ്പ് ശ്രമങ്ങൾ നടത്തിയെങ്കിലും വിജയിച്ചില്ല. അവസാനം ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. ഇതോടൊപ്പം ഇയാൾ വരുന്നതും കാത്തിരിക്കയായിരുന്നു വനം വകുപ്പ് ഉദ്യോഗസ്ഥർ. ഇയാൾ കഴിഞ്ഞദിവസം ഉഴവൂരിൽ എത്തിയിട്ടുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതോടെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്യുകയായിരുന്നു. തൃശൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

പീച്ചി റേഞ്ച് ഓഫീസർ എൻ.കെ.അജയ്ഘോഷ്, ഡപ്യൂട്ടി റേഞ്ച് ഓഫീസർ എ.സി.പ്രജി, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.ആ‌‌ർ ബൈജു, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ സതീഷ്കുമാർ, സാൻ, പ്രിജോ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.