കോട്ടയം: എട്ട് മാസത്തേയ്ക്കുള്ള കരാറിലാണ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ജില്ലാ പഞ്ചായത്തിന്റെ ഭരണസാരഥ്യത്തിലെത്തുന്നത്. ഭരിക്കാൻ എട്ട് മാസം ഒന്നുമില്ലെങ്കിലും ഒട്ടേറെ വികസന പദ്ധതികൾ കുളത്തുങ്കലിന്റെ മനസിലുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റ ശേഷം അദ്ദേഹം സംസാരിക്കുന്നു.
എന്താണ് വികസന സ്വപ്നങ്ങൾ?
മാലിന്യ സംസ്കരണം, വിദ്യാഭ്യാസം, കൃഷി മേഖലകളിൽ പരമാവധി വികസനം കൊണ്ടുവരുകയാണ് ലക്ഷ്യം. പരമാവധി തരിശ് പാടങ്ങൾ കൃഷി യോഗ്യമാക്കും. അക്ഷരനഗരിയെന്ന് പറയുമ്പോഴും വിദ്യാഭ്യാസ മേഖലയിൽ ജില്ലയുടെ സ്ഥാനം ഏറെ പുറകിലാണ്. ഇതിന് മാറ്റം കൊണ്ടുവരും. മാലിന്യ സംസ്കരണത്തിന് നൂതന പദ്ധതി ആവിഷ്കരിക്കും.
ഇനിയുള്ള സമയം മുഴുവൻ ആവശ്യപ്പടാമല്ലോ?
അതൊക്കെ തീരുമാനിക്കേണ്ടത് പാർട്ടിയാണ്.ഇപ്പോൾ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാൻ പാർട്ടി ആവശ്യപ്പെട്ടു അത് ചെയ്തു. രാജിവയ്ക്കാൻ പറഞ്ഞാൽ അതിനും തയ്യാറാണ്. നമ്മുടെ കാലത്ത് ആരംഭിക്കുന്ന പദ്ധതികൾ പിന്നാലെ വരുന്നവർ പൂർത്തിയാക്കട്ടെ.
നാലുവർഷത്തിനുള്ളിൽ നാലാമത്തെ പ്രസിഡന്റാണ്. വികസനത്തെ ബാധിക്കുന്നില്ലേ?
സംസ്ഥാന സർക്കാരിന്റെ നയം മാത്രമാണ് വികസനത്തിന് തടസം. ട്രഷറി നിയന്ത്രണവും ഫണ്ട് അപര്യാപ്തതയും പ്രവർത്തനത്തെ ബാധിച്ചു. സ്പിൽ ഓവർ പദ്ധതികൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടുള്ള സർക്കാർ ഉത്തരവ് ജില്ലാ പഞ്ചായത്തിന് തിരിച്ചടിയുണ്ടാക്കി. 30 കോടിയോളം രൂപയാണ് നഷ്ടപ്പെട്ടത്. എന്നിട്ടും പദ്ധതി പ്രവർത്തനത്തിൽ മൂന്നാം സ്ഥാനത്താണ് ജില്ലാ പഞ്ചായത്ത്.