കോട്ടയം: നെഹ്രുടോഫിയും ചാമ്പ്യൻസ് ലീഗും ലക്ഷ്യമിട്ട് ബോട്ട് ക്ലബുകൾ പരിശീലനം തുടങ്ങിയതോടെ ജില്ലയുടെ പടിഞ്ഞാറൻ മേഖല വള്ളംകളിയുടെ ആവേശത്തിലായി. നെഹ്രു ട്രോഫിക്കായി ഇത്തവണ ജില്ലയിൽ നിന്ന് അഞ്ച് ചുണ്ടനുകളാണ് മത്സരിക്കുന്നത്. ഇതിൽ നാലും കുമരകത്ത് നിന്നാണ്. പരിശീലനത്തുഴച്ചിൽ കാണാൻ നിരവധി ജലോത്സവ പ്രേമികളാണ് കുമരകത്തേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ചാമ്പ്യൻസ് ബോട്ട് ലീഗിന് ഇത്തവണ തുടക്കം കുറിക്കുമെന്നതിനാൽ ബോട്ട് ക്ലബുകൾ പതിവിലും വലിയ തയ്യാറെടുപ്പിലാണ്. കുമരകം ടൗൺ ബോട്ട് ക്ലബിന്റെ പായിപ്പാടൻ, വേമ്പനാട് ബോട്ട് ക്ലബിന്റെ വീയപുരം പുത്തൻചുണ്ടൻ, കൈപ്പുഴമുട്ട് എൻ.സി.ഡി.സി ബോട്ട് ക്ലബിന്റെ ദേവസ്, കുമരകം ബോട്ട് ക്ലബിന്റെ മഹാദേവീകാട് തെക്കേതിൽ, ആർപ്പൂക്കര നവജീവൻ ബോട്ട് ക്ലബിന്റെ ജവഹർ തായങ്കരി എന്നിവയാണ് ജില്ലയിൽ നിന്ന് മാറ്റുരയ്ക്കുന്ന ചുണ്ടൻ വള്ളങ്ങൾ. ഇതിൽ കുമരകം ബോട്ട് ക്ലബ് കൊല്ലത്തെ സെന്റ് ഫ്രാൻസീസ് ബോട്ട് ക്ലബുമായി ചേർന്നാണ് നെഹ്രു ട്രോഫിയിൽ മത്സരിക്കുന്നത്. മുത്തേരിമട, മണിയാപറമ്പ്, പെണ്ണാർ തോട് എന്നിവിടങ്ങളിലാണ് പരിശീലനത്തുഴച്ചിൽ പുരോഗമിക്കുന്നത്. നിരവധി ചെറുവള്ളങ്ങളും ജില്ലയിൽ നിന്ന് മത്സരിക്കുന്നുണ്ട്. അടുത്തമാസം എട്ടുവരെ പരിശീലനത്തുഴച്ചിൽ തുടരും.
തുഴയെറിയാൻ കശ്മീരികളും
കുട്ടനാട്ടിലേയും അപ്പർകുട്ടനാട്ടിലേയും തുഴച്ചിൽകാർക്ക് പുറമേ ഇത്തവണയും വിവിധ ബോട്ട് ക്ലബുകൾ അന്യസംസ്ഥാനക്കാരേയും അണിനിരത്തുന്നുണ്ട്. പായിപ്പാടനിലും വീയപുരം ചുണ്ടനിലും നാട്ടുകാർക്കൊപ്പം മണിപ്പൂരികൾ തുഴയെറിയുമ്പോൾ ദേവസ് ചുണ്ടനിൽ കാശ്മീരിൽ നിന്നുള്ള 25 പേരെ ഉൾപ്പെടുത്തിയാണ് ടീം സജ്ജമാക്കിയിരിക്കുന്നത്. ആലപ്പുഴയിൽ നിന്നുള്ള വള്ളങ്ങളിലും അന്യസംസ്ഥാനക്കാർ അണിനിരക്കുന്നുണ്ട്. മാനസികസമ്മർദ്ദം ഒഴിവാക്കാൻ യോഗ ഉൾപ്പെടെയുള്ള വ്യായാമങ്ങളും തുഴച്ചിൽക്കാർക്ക് ഉറപ്പാക്കുന്നുണ്ട്. ഇത്തവണയും വിജയിയെ നിർണ്ണയിക്കുന്നത് കുറഞ്ഞ സമയത്തിന്റെ അടിസ്ഥാനത്തിലായതിനാൽ പഴുതടച്ച ഒരുക്കങ്ങളിലാണ് ബോട്ട് ക്ലബുകൾ.
പരിശീലനത്തുഴച്ചിലിന്റെ ഭാഗമായി വിഭവസമൃദ്ധമായ ഉച്ചയൂണ് ആണ് തുഴച്ചിൽക്കാർക്കായി ക്ലബുകൾ ഒരുക്കിയിരിക്കുന്നത്. ഉച്ചയൂണിന് ബീഫും മീൻകറിയുമുണ്ട്. ചപ്പാത്തിയും പൊറോട്ടയും രാവിലെയും വൈകിട്ടുമായി ക്രമീകരിച്ചിരിക്കുന്നു. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള തുഴച്ചിൽക്കാർക്കായി ഉത്തരേന്ത്യൻ വിഭവങ്ങളും റെഡിയാക്കുന്നുണ്ട്.