കോട്ടയം: ഇന്നലെ പുലർച്ച വരെ യു.ഡി.എഫ് നേതാക്കൾ നടത്തിയ സമവായ ചർച്ചകൾക്കും മുന്നറിയിപ്പുകൾക്കും അനിശ്ചിതത്വത്തിനും വിരാമമിട്ട്, കേരള കോൺഗ്രസ് (എം) ജോസ് വിഭാഗത്തിലെ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. തദ്ദേശ തിരഞ്ഞെടുപ്പിന് ഇനി അവശേഷിക്കുന്ന 14 മാസത്തിൽ 8 മാസം ജോസ് വിഭാഗത്തിനും, 6 മാസം ജോസഫ് വിഭാഗത്തിനുമെന്ന ഫോർമുലയുടെ അടിസ്ഥാനത്തിലാണിത്. ഇന്നലെ നടന്ന തിരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളി ഡിവിഷനിൽ നിന്നുള്ള സെബാസ്റ്റ്യൻ സി.പി.എമ്മിലെ കെ. രാജേഷിനെ ഏഴിനെതിരെ 14 വോട്ടുകൾക്കാണ് തോല്പിച്ചത്. ഡി.സി.സി പ്രസിഡന്റ് കൂടിയായ ജോഷി ഫിലിപ്പാണ് സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ പേര് നിർദ്ദേശിച്ചത്. ജനപക്ഷം അംഗം ലിസി സെബാസ്റ്റ്യൻ വിട്ടു നിന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ടു സ്ഥാനാർത്ഥികൾക്ക് ജോസും ജോസഫും വിപ്പ് നൽകിയതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. ഇരുകൂട്ടരെയും അനുനയിപ്പിക്കാനുള്ള ശ്രമം വിഫലമായതിനെ തുടർന്ന് യു.ഡി.എഫ് അംഗങ്ങൾ വിട്ടുനിന്നതിനാൽ, ബുധനാഴ്ച നടത്തേണ്ടിയിരുന്ന തിരഞ്ഞെടുപ്പ് ക്വാറം തികയാതെ മാറ്റിവച്ചിരുന്നു. ജോസിനെയും ജോസഫിനെയും അനുനയിപ്പിച്ച് മത്സരം ഒഴിവാക്കാൻ ഇന്നലെ പുലരും വരെ 'ന്യൂട്രൽ കളി' നടത്തിയ യു.ഡി.എഫ് നേതൃത്വം പാലാ ഉപതിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് അവസാനം ജോസിനെ പിന്തുണച്ചു. ഇതോടെ സെബാസ്റ്റ്യൻ കുളത്തുങ്കൽ പ്രസിഡന്റായി. ജോസഫ് വിപ്പു നൽകിയ അജിത് കുതിരമലയ്ക്ക് പിന്മാറേണ്ടി വന്നു. ജോസ് കെ. മാണിയുടെ ഭീഷണിക്ക് വഴങ്ങിയുള്ള തെറ്റായ തീരുമാനമാണ് യു.ഡി.എഫിന്റേതെന്ന് വാർത്താസമ്മേളനം വിളിച്ച് പി.ജെ. ജോസഫ് പൊട്ടിത്തെറിച്ചത് പാലാ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കേ യു.ഡി.എഫിൽ മറ്റൊരു പ്രതിസന്ധിക്ക് വിത്തുപാകലായി.