കോട്ടയം : അനിശ്ചിതത്വത്തിന് വിരമാമിട്ട് കേരള കോൺഗ്രസ് (എം)​ ജോസ് വിഭാഗത്തിലെ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി. കാഞ്ഞിരപ്പള്ളി ഡിവിഷനിൽ നിന്നുള്ള സെബാസ്റ്റ്യൻ സി.പി.എമ്മിലെ കെ.രാജേഷിനെ ഏഴിനെതിരെ 14 വോട്ടുകൾക്കാണ് തോൽപ്പിച്ചത്. ജനപക്ഷം അംഗം ലിസി സെബാസ്റ്റ്യൻ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു.

കഴിഞ്ഞദിവസം യു.ഡി.എഫ് അംഗങ്ങൾ വിട്ടുന്നതിനാൽ ക്വാറം തികയാതെ തിരഞ്ഞെടുപ്പ് മാറ്റിവച്ചിരുന്നു. ജോസ് ,​ ജോസഫ് വിഭാഗങ്ങൾ തമ്മിലുള്ള തർക്കം നീണ്ടതായിരുന്നു പ്രശ്നം. ഇനിയുള്ള 14 മാസത്തിൽ 8 മാസം ജോസ് വിഭാഗത്തിനും , ബാക്കിയുള്ള സമയം ജോസഫ് വിഭാഗത്തിനുമെന്ന ഫോർമുലയിൽ ഇന്നലെ പുല‌ർച്ചയോടെ എത്തുകയായിരുന്നു. ഡി.സി.സി പ്രസിഡന്റ് കൂടിയായ ജോഷി ഫിലിപ്പാണ് സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ പേര് നിർദ്ദേശിച്ചത്. സഖറിയാസ് കുതിരവേലി പിന്താങ്ങി. എൽ.ഡി.എഫിൽ നിന്ന് കെ.രാജേഷിന്റെ പേര് പി.സുഗതൻ നിർദ്ദേശിച്ചു, ജയേഷ് മോഹൻ പിന്താങ്ങി.

നടന്നത് ഇങ്ങനെ

രാവിലെ 10.50 യു.ഡി.എഫ് അംഗങ്ങൾ പ്രസിഡന്റിന്റെ മുറിയിൽ അവസാന ചർച്ച

 11 വരണാധികാരികൂടിയായ കളക്ടർ പി.കെ.സുധീർ ബാബു ജില്ലാ പഞ്ചായത്ത് ഹാളിൽ

 11.05 മാദ്ധ്യമങ്ങൾ ഉൾപ്പെടെയുള്ളവരെ ഹാളിൽ നിന്ന് പുറത്താക്കുന്നു

 11.20 ജോഷി ഫിലിപ്പ് സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ പേര് നിർദ്ദേശിക്കുന്നു

11.22 പി.സുഗതൻ കെ.രാജേഷിന്റെ പേര് നിർദ്ദേശിക്കുന്നു

 11.25 വോട്ടെടുപ്പ് ആരംഭിച്ചു

 12.07 സെബാസ്റ്റ്യൻ കുളത്തുങ്കലിനെ വിജയിയായി പ്രഖ്യാപിക്കുന്നു

 12.10 അനുമോദനയോഗത്തിൽ നിന്ന് പ്രതിപക്ഷത്തിനൊപ്പം ജോസഫ് വിഭാഗത്തിലെ അജിത് മുതിരമലയും മേരി സെബാസ്റ്റ്യനും വിട്ടു നിന്നു

 12.25 പ്രസിഡന്റായി സെബാസ്റ്റ്യൻ കുളത്തുങ്കൽ അധികാരമേൽക്കുന്നു

'' ആരുടെ വിപ്പിനാണ് വിലയുള്ളതെന്ന് തെളിഞ്ഞു. ജോസ് കെ.മാണി നയിക്കുന്ന കേരള കോൺഗ്രസിനൊപ്പമാണ് എല്ലാവരുമെന്ന് തെളിഞ്ഞു'' സണ്ണിതെക്കേടം, ജില്ലാ പ്രസിഡന്റ് (ജോസ് വിഭാഗം)​