ചങ്ങനാശേരി: ചങ്ങനാശേരി-കോട്ടയം റൂട്ടുകളിൽ ബസുകൾ സ്റ്റോപ്പുകളിൽ നിറുത്താതെ യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നതായി ആക്ഷേപം. സ്റ്റോപ്പുകളിലല്ലാതെ സ്വകാര്യ-ട്രാൻസ്പോർട്ട് ബസുകൾ തോന്നുംപോലെ നിറുത്തുന്നത് ഗതാഗതക്കുരുക്കിന് ഇടയാക്കുന്നതായും പരാതിയുണ്ട്. തുരുത്തി, കുറിച്ചി, കാലായിപ്പടി തുടങ്ങിയ സ്ഥലങ്ങളിൽ സ്റ്റോപ്പുകളിൽ നിറുത്താത്തതിനാൽ ബസിനു പിറകേ ഓടേണ്ട അവസ്ഥയാണെന്ന് യാത്രക്കാർ പറയുന്നു. വാഴൂർ റോഡിൽ തെങ്ങണ ജംഗ്ഷനിലും സിഗ്നലിലാണ് പല ബസുകളും യാത്രക്കാരെ ഇറക്കിവിടുന്നതായാണ് പരാതി. ബസുകളുടെ മത്സരപ്പാച്ചിൽ കാരണം ഒന്നിനു പിറകെ ഒന്നായി വരുന്ന ബസുകൾ കൈകാണിച്ചാൽ പോലും സ്റ്റോപ്പുകളിൽ നിറുത്താറില്ലെന്ന ആരോപണവും ശക്തമാണ്. ഇറങ്ങണമെന്ന് ആവശ്യപ്പെടുമ്പോൾ സ്റ്റോപ്പുകളിൽ നിന്ന് വളരെ മുമ്പോട്ടുകയറ്റി മാത്രമാണ് ചില ബസുകൾ ഇറക്കുന്നതെന്നും ആക്ഷേപമുണ്ട്. കെ.എസ്.ടി.പി നിർമ്മിച്ച പല ബസ് ബേകളും സ്വകാര്യ വാഹനങ്ങൾക്ക് പാർക്ക് ചെയ്യുന്നതിനുള്ള സ്ഥലമായും കാത്തിരുപ്പ് കേന്ദ്രങ്ങൾ സാമൂഹ്യവിരുദ്ധരുടെ താവളമായും മാറുകയാണെന്നും യാത്രക്കാർ ആരോപിക്കുന്നു. സ്റ്റോപ്പുകളിൽ നിറുത്തുന്നത് സംബന്ധിച്ച് യാത്രക്കാരും ബസ് ജീവനക്കാരും തർക്കങ്ങളും ഉണ്ടാകാറുണ്ട്.