ചങ്ങനാശേരി: തെങ്ങണ ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തനരഹിതമായിട്ട് നാളുകളായിട്ടും അധികൃതർ നടപടി സ്വീകരിക്കാത്തതിനാൽ വാഹനയാത്രികരും വ്യാപാരികളും നാട്ടുകാരും ഏറെ വലയുന്നു. റോഡിന്റെ മദ്ധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന ഹൈമാസ്റ്റ് ലൈറ്റുകൾ തെളിയാത്തതിനാൽ സന്ധ്യകഴിഞ്ഞാൽ ടൗൺ ഇരുട്ടിന്റെ പിടിയിലാകും. പ്രദേശത്ത് തെരുവുനായശല്യവും രൂക്ഷമാണ്. ഇതുമൂലം കാൽനടയാത്രികർക്കൊപ്പം ഇവിടത്തെ ഓട്ടോറിക്ഷ ഡ്രൈവർമാരും ഏറെ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. വാഹനങ്ങളിൽ നിന്നും വ്യാപാരസ്ഥാപനങ്ങളിൽ നിന്നുമുളള വെളിച്ചമാണ് ഇവിടെ ഏക ആശ്രയം. ലൈറ്റ് പ്രവർത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതിന് അധികൃതർ ഇനിയും കാലത്താമസം വരുത്തരുതെന്നാണ് നാട്ടുകാരുടെ ആവശ്യം.