കോട്ടയം : ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പി.ജെ ജോസഫും, ജോസ് കെ മാണിയും രണ്ടു സ്ഥാനാർത്ഥികൾക്ക് വിപ്പ് നൽകിയതോടെ കേരളകോൺഗ്രസിലെ ഇരുവിഭാഗവും പയറ്റിയത് കർണാടക മോഡൽ രാഷ്ട്രീയ കളി. യു.ഡി.എഫ് നേതൃത്വത്തിന്റെ ഭീഷണിപ്പെടുത്തലാണ് കാലുമാറ്റവും കാലുവാരലും അരങ്ങേറിയുള്ള അട്ടിമറി സാദ്ധ്യത അവസാനം ഇല്ലാതാക്കിയത്. പ്രസിഡന്റ് സ്ഥാനാർത്ഥിയായി സെബാസ്റ്റ്യൻ കുളത്തുങ്കലിന് ജോസ് വിഭാഗം ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം വിപ്പ് നൽകിയിരുന്നുവെങ്കിലും എൻ.ജയരാജിന്റെ ബന്ധു കൂടിയായ അജിത് മുതിരമലയെ ജോസഫ് വിഭാഗം അടർത്തിയെടുത്ത് സ്ഥാനാർത്ഥിയാക്കി വിപ്പ് നൽകി ജോസ് വിഭാഗത്തെ ഞെട്ടിച്ചു.
പ്രസിഡന്റ് സ്ഥാനത്തേക്ക് അജിത്തിന്റെ പേര് നിർദ്ദേശിക്കാനായി ജില്ലാ പഞ്ചായത്തംഗം മേരി സെബാസ്റ്റ്യന്റെ വീട്ടിൽ ജോസഫ് വിഭാഗം എത്തിയതറിഞ്ഞ് മുട്ടുചിറയിലുള്ള വീടിന് ജോസ് വിഭാഗം കാവലേർപ്പെടുത്തി. സംഗതി പന്തിയല്ലെന്നു കണ്ട് ജോസഫ് വിഭാഗം മടങ്ങി. ഒപ്പം നിൽക്കണമെന്ന് ജോസ് വിഭാഗം നേതാക്കൾ വീട്ടിലെത്തി മേരിയോട് നിർദ്ദേശിച്ചു. ജില്ലാ പഞ്ചാത്തംഗത്തെ തട്ടിക്കൊണ്ടു പോകാൻ നീക്കമെന്ന് മണത്തറിഞ്ഞ് പൊലീസും വീടിനു മുന്നിൽ റോന്തു ചുറ്റി. ഒരു പ്രശ്നവുമില്ലെന്ന് പറഞ്ഞ് മേരി ഇവരെ മടക്കി അയച്ചു. ഒപ്പമുള്ള മറ്റ് അംഗങ്ങളെ അടർത്തി മാറ്റാതിരിക്കാൻ ജോസ് വിഭാഗം റിസോർട്ടിലേക്ക് മാറ്റിയെന്ന പ്രചാരണവും ശക്തമായി. ഇതിനിടയിലാണ് തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവിന്റെ വീട്ടിൽ ജോസഫും ജോസുമായി ഉമ്മൻചാണ്ടിയടക്കം യു.ഡി.എഫ് നേതാക്കൾ അവസാന വട്ട അനുരഞ്ജന ചർച്ച തുടങ്ങിയത്.
ചർച്ച പുലർച്ചെ വരെ നീണ്ടെങ്കിലും സമവായ തീരുമാനമാകാതെ വന്നതോടെയാണ് അവസാന ടേം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വീതംവച്ച് പ്രശ്നപരിഹാരമുണ്ടാക്കുന്ന നിർദ്ദേശം ഉമ്മൻചാണ്ടി മുന്നോട്ടുവച്ചത്. കേരള കോൺഗ്രസ് ഭിന്നത പാലാ ഉപതിരഞ്ഞെടുപ്പിനെ ബാധിക്കാതിരിക്കാൻ ധാരണ അംഗീകരിക്കണമെന്നും അല്ലെങ്കിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുമെന്നും മുന്നറിയിപ്പ് നൽകി.
വീതംവയ്പ്പലിൽ ആദ്യ ടേമിനെ ചൊല്ലി കടിപിടി ഉയർന്നെങ്കിലും പാലാ ഉപതിരഞ്ഞെടുപ്പുള്ളതിനാൽ അണികൾക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ ആദ്യ ടേം വേണമെന്ന ജോസിന്റെ അഭ്യർത്ഥന അംഗീകരിക്കുകയായിരുന്നു. മാണി ജീവിച്ചിരിക്കുമ്പോൾ ഉണ്ടാക്കിയ ധാരണ പ്രകാരം അവസാന ടേം തങ്ങൾക്ക് അർഹതപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടി ജോസഫ് എതിർത്തെങ്കിലും ഉപതിരഞ്ഞെടുപ്പ് ന്യായം പറഞ്ഞു ഉമ്മൻ ചാണ്ടി വഴങ്ങിയില്ല. അങ്ങനെയാണ് ആദ്യ ടേം ജോസിന് ലഭിച്ചത്. അവസാന ടേം ഉറപ്പായും ലഭിക്കാൻ കരാർ വേണമെന്ന ജോസഫിന്റെ നിർദ്ദേശപ്രകാരം ഡി.സി.സിയെ ചുമതലപ്പെടുത്തുകയായിരുന്നു. സമവായമാകാതെ ഇരുവിഭാഗവും രണ്ടു സ്ഥാനാർത്ഥികളെ നിറുത്തി മത്സരിച്ചിരുന്നെങ്കിൽ കാലുവാരലിന് പിറകെ ഒരു വിഭാഗത്തിന്റെ പിന്തുണയോടെ എട്ട് അംഗങ്ങളുള്ള ഇടതുപക്ഷം അട്ടിമറി ജയം നേടുന്ന സാഹചര്യവും ഉരുത്തിരിഞ്ഞെനേയെന്നാണ് വിലയിരുത്തൽ. യു.ഡി.എഫ് തീരുമാനത്തിനെതിരെ ജോസഫ് പൊട്ടിത്തെറിച്ചതോടെ അടുത്ത അങ്കം ഇനി പാലായിൽ കാണേണ്ടി വന്നേക്കാം.