പാമ്പാടി : കൂരോപ്പട പഞ്ചായത്തിലെ മാടപ്പാട്-തോട്ടുങ്കൽ റോഡ് നന്നാക്കാൻ അധികൃതർ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇതുവഴിയുള്ള വാഹനയാത്ര ഏറെ ദുരിതപൂർണമാണ്. വൃദ്ധരും കുട്ടികളുമുൾപ്പെടെയുള്ളവർ ഇവിടെ നിരവധി തവണ കുഴികളിൽ വീണു പരിക്കേറ്റതായി പ്രദേശവാസികൾ പറയുന്നു. പഞ്ചായത്തിലെ പല റോഡുകളും നന്നാക്കിയിട്ടും ഒരു നവീകരണവും ഇവിടെ നടത്താൻ അധികൃതർ തയാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. മാടപ്പാട് ദേവീക്ഷേത്രം, സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളി കൂരോപ്പട, എന്നിവിടങ്ങളിലേയ്‌ക്കെത്തുന്നതിനുള്ള പ്രധാന പാതയ്ക്കാണ് ഈ ദുർഗതി.