കോട്ടയം : പട്ടികവർഗ വികസനവകുപ്പിന്റെ തലപ്പത്ത് മുഖ്യവനപാലകനെ നിയമിച്ചതിനെതിരെ ആദിവാസി സമൂഹം പ്രക്ഷോഭത്തിലേക്ക്.

വനംവകുപ്പിന്റെ ആദിവാസി വിരുദ്ധനിലപാട് ശക്തിപ്പെടുത്തുന്നതിനൊപ്പം പട്ടികവർഗ വികസനവകുപ്പിനെ ദുർബലപ്പെടുത്തുകയെന്ന ഇരുതലമൂർച്ചയുള്ള നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്ന് ആദിവാസി ഗോത്രമഹാസഭ സ്റ്റേറ്റ് കോ-ഓർഡിനേറ്റർ എം. ഗീതാനന്ദൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ആദിവാസിക്ഷേമത്തിനായി അനുവദിക്കുന്ന പണം വിനിയോഗിച്ച് ആദിവാസികളെ ദ്രോഹിക്കുന്ന നടപടിക്കെതിരെ ലോക ആദിവാസിദിനമായ ആഗസ്റ്റ് 9ന് രാജ്ഭവൻ ധർണ നടത്തും. 28 ന് എറണാകുളം ശിക്ഷക് സദനിൽ ചേരുന്ന കൺവെൻഷൻ തുടർസമരങ്ങൾക്ക് രൂപം നൽകും.

മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ വഹിക്കേണ്ട ചുമതലയാണ് ഐ.എഫ്.എസുകാരനായ മുഖ്യവനപാലകനെ ഏല്പിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ആദിവാസികളുടെ അവകാശങ്ങൾ കവർന്നെടുക്കുന്നത് മന്ത്രി എ.കെ.ബാലൻ അറിയുന്നില്ല. ആദിവാസി ക്ഷേമത്തിന് മാത്രമായി പ്രത്യേക മന്ത്രിയെ നിയമിക്കണമെന്നും ഗീതാനന്ദൻ ആവശ്യപ്പെട്ടു. സി.ജെ.തങ്കച്ചൻ ( ആദിജനസഭ), കോട്ടയം ജില്ല ഊര് മൂപ്പൻ സാബു മലവേടൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.