കുറവിലങ്ങാട് : നസ്രാണി മഹാസംഗമത്തിന് ഒരുക്കങ്ങൾ പൂർത്തിയാകുന്നതായി ആർച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിൽ അറിയിച്ചു. സെപ്ടംബ‌ർ ഒന്നിന് 15,000 പ്രതിനിധികൾ പങ്കെടുക്കുന്ന സംഗമത്തിന്റെ ആദ്യഘട്ടമായി ആഗസ്റ്റ് 25 മുതൽ 29 വരെ ഫാ. ദാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന മരിയൻ കൺവെൻഷൻ നടക്കുമെന്ന് സീനിയർ അസി.വികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, സംഗമം ജനറൽ കൺവീനർ ഫാ. തോമസ് കുറ്റിക്കാട്ട് അസി.വികാരിമാരായ ഫാ. ജോർജ് നെല്ലിക്കൽ, , ഫാ. മാത്യു വെണ്ണായപ്പിള്ളിൽ, ഫാ. മാണി കൊഴുപ്പൻകുറ്റി എന്നിവർ അറിയിച്ചു.
സെപ്റ്റംബർ ഒന്നിന് രാവിലെ അന്താരാഷ്ട്ര മരിയൻ സിമ്പോസിയം ദേവമാതാ കോളജ് മൾട്ടിമീഡിയ ഹാളിൽ നടക്കും. രണ്ടിന് ഉച്ചകഴിഞ്ഞ് 2.30ന് ആരംഭിക്കുന്ന സമ്മേളനം സീറോ മലബാർ സഭാ തലവൻ മേജർ ആർച്ച്ബിഷപ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. ഓർത്തഡോക്‌സ് സഭാതലവൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വീതിയൻ കാതോലിക്കാ ബാവ അദ്ധ്യക്ഷത വഹിക്കും. സീറോ മലങ്കര സഭാ തലവൻ കർദ്ദിനാൾ ബസേലിയോസ് മാർ ക്ലീമിക്‌സ് കാതോലിക്കാബാവ മുഖ്യപ്രഭാഷണം നടത്തും. മാർത്തോമ്മാ സഭാ തലവൻ ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത, ക്‌നാനായ യാക്കോബായ സഭാ തലവൻ കുര്യാക്കോസ് മാർ സെവേറിയോസ് മെത്രാപ്പോലീത്ത, മലബാർ സ്വതന്ത്ര സഭാ തലവൻ ബസേലിയോസ് മാർ സിറിൾ മെത്രാപ്പോലീത്ത, പൗരസ്ത്യ അസീറിയൻ സഭാ തലവൻ മാർ അപ്രേം മെത്രാപ്പോലീത്ത എന്നിവർ സംഗമത്തിൽ പങ്കെടുക്കും. സംഗമത്തിന്റെ ആദ്യഘട്ടമായി നടത്തുന്ന മരിയൻ കൺവെൻഷൻ യക്കോബായ സഭാ തലവൻ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് അദ്ധ്യക്ഷത വഹിക്കും. സംഗമത്തിന്റെ ഭാഗമായി ഭൂരഹിതരുടെ പുനരധിവാസം ലക്ഷ്യമിട്ടുള്ള അഷ്ടഭവനങ്ങളുടെ താക്കോൽ ദാനം നടത്തും.
ആഗസ്റ്റ് 31ന് ഇടവകയിലെ വൈദികരുടേയും സന്യാസിനിമാരുടേയും സംഗമം നടക്കും. വൈകിട്ട് 6.15ന് പരിശുദ്ധ ദൈവമാതാവിന്റെ ജനനതിരുനാളിന് ആർച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിൽ കൊടിയേറ്റും. സീറോ മലങ്കര സഭാതലവൻ മേജർ ആർച്ച്ബിഷപ് കർദ്ദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കാ ബാവ, കാഞ്ഞിരപ്പിള്ളി രൂപത സഹായമെത്രാൻ മാർ ജോസ് പുളിക്കൻ, ചിക്കാഗോ രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത്, ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ, തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ, തലശേരി അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനി, പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ, പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് എന്നിവരുടെ കാർമികത്വത്തിൽ സെപ്ടംബ‌ർ ഒന്നു മുതൽ എട്ടുവരെ തീയതികളിൽ ആഘോഷമായ വിശുദ്ധ കുർബാന നടക്കും. സെപ്ടംബ‌ർ എട്ടിന് മേരിനാമധാരി സംഗമവും നടക്കും .സംഗമത്തിന്റേയും കൺവെൻഷന്റേയും പന്തിലിന്റെ കാൽനാട്ട് കർമ്മം 28ന് വൈകിട്ട് 4.15ന് ആർച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിൽ നിർവഹിക്കും. രജിസ്‌ട്രേഷൻ ആഗസ്റ്റ് രണ്ടിന് സമാപിക്കും.