അടിമാലി: അടിമാലി ഇനിമുതൽ വിശപ്പ് രഹിതപട്ടണം.തൊടുപുഴയ്ക്ക് പിന്നാലെ ഹൈറേഞ്ചിന്റെ കവാടമായ അടിമാലിയും .സംസ്ഥാന സർക്കാരിന്റെ സുഭിക്ഷം പദ്ധതിയുമായി സഹകരിച്ച് അന്നപൂർണ്ണ പദ്ധതിയിലൂടെ റോട്ടറി ക്ലബ്ബാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്.പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം ജില്ലാ കളക്ടർ എച്ച് ദിനേശൻ നിർവ്വഹിച്ചു..അടുത്ത് തന്നെ കട്ടപ്പന,കുമളി,നെടുങ്കണ്ടം തുടങ്ങിയ പട്ടണങ്ങളിലും പദ്ധതിക്ക് തുടക്കം കുറിക്കുമെന്നും കളക്ടർ അറിയിച്ചു.

ഭക്ഷണം നൽകുന്നതിനാവശ്യമായ കൂപ്പണുകൾ റോട്ടറി അസിസ്റ്റന്റ് ഗവർണർ ബേസിൽ എബ്രഹാം അടിമാലി ജനമൈത്രി പൊലീസ് കാന്റീൻ സെക്രട്ടറിക്ക് കൈമാറി.അടിമാലി റോട്ടറി പ്രസിഡന്റ് സിആർ സന്തോഷ് അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ദീപാ രാജീവ്, അടിമാലി മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് പി.എം. ബേബി,അന്നപൂർണ ജില്ലാ കോഡിനേറ്റർ ലിറ്റോ പി. ജോൺ റോട്ടറി, ബിജു ബാലൻ,റേ.വി.സ്റ്റീഫൻ തുടങ്ങിയവർ സംസാരിച്ചു.

ഭക്ഷണം ആവശ്യമായവർക്കുള്ള സൗജന്യകൂപ്പണുകളുടെ വിതരണ ചുമതല ജനമൈത്രി പൊലീസിനാണ് നൽകിയിട്ടുള്ളത്.അടിമാലി ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിക്ക് സമീപം പ്രവർത്തിച്ച് വരുന്ന ജനമൈത്രി പൊലീസ് ക്യാന്റീൻ അനക്‌സിൽ നിന്നും കൂപ്പണുകൾ ലഭിക്കും.ഉച്ചക്ക് 12 മുതൽ 2.30 വരെയുള്ള സമയങ്ങളിൽ ടൗണിലെ ഹോട്ടൽ പാൽക്കോ, ഹോട്ടൽ മെസ്ബാൻ, കാംകോജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഹോട്ടൽ സൽക്കാര തുടങ്ങിയ ഇടങ്ങളിൽ നിന്നും ഭക്ഷണം കഴിക്കാവുന്നതാണ്