കാഞ്ഞിരപ്പള്ളി: 'വർഗീയത വേണ്ട, ജോലി മതി' എന്ന മുദ്രാവാക്യമുയർത്തി ആഗസ്റ്റ് 15 ന് ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മറ്റി പാലായിൽ സംഘടിപ്പിക്കുന്ന യൂത്ത് സ്ട്രീറ്റ് പരിപാടിയിൽ കാഞ്ഞിരപ്പള്ളി ബ്ലോക്കിൽ നിന്നും 5000 യുവതീ-യുവാക്കളെ പങ്കെടുപ്പിക്കാൻ ബ്ലോക്ക് പ്രവർത്തകയോഗം തീരുമാനിച്ചു.പരിപാടിയുടെ പ്രചരണത്തിന്റെ ഭാഗമായി സംസ്ഥാന പ്രസിഡന്റ് എസ്. സതീഷ് നയിക്കുന്ന സംസ്ഥാന യുവജന ജാഥക്ക് ആഗസ്റ്റ് 6 ന് വൈകിട്ട് 5 ന് കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ സ്വീകരണം നൽകും. പൊതു സമ്മേളനം മുൻ അഖിലേന്ത്യാ പ്രസിഡന്റ് എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യും.ആഗസ്റ്റ് 1 മുതൽ കോട്ടയം മെഡിക്കൽ കോളജിൽ ഡി.വൈ.എഫ്.ഐ നേതൃത്വത്തിലാരംഭിക്കുന്ന ഉച്ചഭക്ഷണ വിതരണ പരിപാടി വിജയിപ്പിക്കാൻ ഗൃഹസന്ദർശനം നടത്തി പൊതിച്ചോറുകൾ യൂണിറ്റ് നേതൃത്വത്തിൽ ശേഖരിക്കാനും കൺവൻഷൻ തീരുമാനിച്ചു. കാഞ്ഞിരപ്പള്ളി സർക്കിൾ സഹകരണ യൂണിയൻ ഹാളിൽ ചേർന്ന കൺവൻഷൻ ജില്ലാ പ്രസിഡന്റ് കെ.ആർ. അജയ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ബി.ആർ.അൻഷാദ് അദ്ധ്യക്ഷനായി. സെക്രട്ടറി അജാസ് റഷീദ് പരിപാടികൾ വിശദീകരിച്ചു. ജില്ലാ കമ്മറ്റി അംഗം എം.എ.റിബിൻ ഷാ, അർച്ചന, മാർട്ടിൻ തോമസ് എന്നിവർ പ്രസംഗിച്ചു.