ആരോഗ്യ ഇൻഷ്വറൻസ് കാർഡ് വിതരണം 31 വരെ

കോട്ടയം : കേന്ദ്ര - സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയുടെ പുതിയ കാർഡ് 31 വരെ വിതരണം ചെയ്യും. 24 വരെ ജില്ലയിൽ 224477 കുടുംബങ്ങൾ അംഗത്വം നേടി. ആകെ അർഹതയുള്ള കുടുംബങ്ങളുടെ 95 ശതമാനമാണിത്. മാർച്ച് 31 വരെ സാധുവായ ആരോഗ്യ ഇൻഷ്വറൻസ് കാർഡുള്ള കുടുംബങ്ങൾക്കും പദ്ധതിയിൽ ഉൾപ്പെടുത്തിക്കൊണ്ടുള്ള കത്ത് കിട്ടിയ കുടുംബങ്ങൾക്കും ആണ് പുതിയ കാർഡ് നൽകുക. ഇതിനായി പദ്ധതിയിൽ അംഗത്വമുള്ള കുടുംബത്തിലെ ഒരംഗം ആധാർ കാർഡ്, റേഷൻ കാർഡ്, ആരോഗ്യ ഇൻഷ്വറൻസ് കാർഡ്, 50 രൂപ, മൊബൈൽ നമ്പർ എന്നിവയുമായി എത്തണം. പദ്ധതിപ്രകാരം തിരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിൽ ഒരു കുടുംബത്തിന് അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ചികിത്സ ഒരു വർഷം ലഭിക്കും. കുടുംബത്തിലെ മറ്റംഗങ്ങളെ അവർ ആശുപത്രിയിൽ അഡ്മിറ്റാകുമ്പോഴും ജില്ലാ തലത്തിലുള്ള കിയോസ്‌ക് മുഖേനെയും കൂട്ടിച്ചേർക്കാൻ സാധിക്കും. പഞ്ചായത്ത് തലത്തിലുള്ള കാർഡ് പുതുക്കൽ കേന്ദ്രങ്ങളുടെ വിവരം അറിയാൻ കുടുംബശ്രീ സി.ഡി.എസുമായി ബന്ധപ്പെടണം. 31വരെ എല്ലാ ദിവസവും കോട്ടയം നെഹ്രു സ്റ്റേഡിയത്തിൽ കാർഡ് എടുക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കും.