വാഴൂർ: ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ നടപ്പു സാമ്പത്തിക വർഷത്തെ വികസന പദ്ധതികളുടെ നിർവഹണ പുരോഗതി അവലോകനം ആരംഭിച്ചു. മാടപ്പള്ളി, വാഴൂർ ബ്ലോക്ക് തല യോഗങ്ങൾ ജെസിമോൾ മനോജിന്റെ സാന്നിദ്ധ്യത്തിൽ ചേർന്നു.
പദ്ധതി നിർവഹണം സംബന്ധിച്ച ജില്ലാ ആസൂത്രണ സമിതിയുടെ നിർദ്ദേശം അവലോകന യോഗങ്ങളിൽ ഉപസമിതി അംഗങ്ങൾ അവതരിപ്പിച്ചു. ഗുണഭോക്തൃ ലിസ്റ്റ് കൈമാറാനുള്ള തദ്ദേശ സ്ഥാപനങ്ങൾ ഏഴു ദിവസത്തിനുള്ളിൽ നിർവഹണ ഉദ്യോഗസ്ഥർക്ക് കൈമാറണം. അംഗീകാരം ലഭിച്ച എല്ലാ പദ്ധതികളും ഉടൻ ആരംഭിക്കണം. വാർഷിക പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് തദ്ദേശഭരണസ്ഥാപനങ്ങളിൽ യോഗങ്ങൾ ചേരണമെന്നും നിർദേശിച്ചു. സെ്ര്രപംബർ 30നകം വാർഷിക പദ്ധതിയുടെ 45 ശതമാനം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
വാഴൂർ പഞ്ചായത്ത് ഹാളിൽ ചേർന്ന അവലോകന യോഗത്തിൽ അസിസ്റ്റന്റ് കളക്ടർ ശിഖ സുരേന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം ലിസമ്മ ബേബി, വാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. പുഷ്‌കല ദേവി, ഗവൺമെന്റ് നോമിനി വി. പി. റെജി, ജില്ലാ പ്ലാനിംഗ് ഓഫീസർ ടെസ് പി. തോമസ്, എ.ഡി.സി (ജനറൽ) ജി. അനിസ്, പഞ്ചായത്ത് വകുപ്പ് സൂപ്രണ്ട് എസ്. സജീഷ്, പ്ലാനിംഗ് റിസർച്ച് ഓഫീസർ പി.എ. അമാനത്ത്, വകുപ്പുതല പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് ലെയ്‌സാമ്മ ജോർജ്, ജില്ലാ ആസൂത്രണ സമിതി അംഗങ്ങളായ എം.പി സന്തോഷ് കുമാർ, ഡോ. ശോഭ സലിമോൻ, പഞ്ചായത്ത് വകുപ്പ് സൂപ്രണ്ട് എസ്. അനൂപ് തുടങ്ങിയവർ പങ്കെടുത്തു.