masa-chantha-

വൈക്കം: തോട്ടുവക്കത്തെ ശ്രീമൂലം നഗരം മാർക്കറ്റിൽ ഓണക്കാലത്ത് നാട്ടുചന്ത ആരംഭിക്കുന്നതിന് മുന്നോടിയായി നഗരസഭ പ്രദേശത്തെ കുടുംബശ്രീ പ്രവർത്തർ സംഘടിപ്പിച്ച കുടുംബശ്രീ ഉൽപന്നങ്ങളുടെ വിപണനമേള ശ്രദ്ധേയമായി. വൈക്കം നഗരസഭ കാര്യാലയത്തിന് മുൻവശത്ത് കെട്ടി ഉയർത്തിയ സ്റ്റാളിൽ തുടങ്ങിയ വിപണന കേന്ദ്രം മാസത്തിൽ മൂന്നു ദിവസം പ്രവർത്തിക്കും.വിവിധ കുടുംബശ്രീ യൂണിറ്റുകൾ തയ്യാറാക്കിയ ഗുണമേന്മയുള്ള കറി പൊടികളും വിവിധ ഇനംഅച്ചാറുകളും അരിപ്പൊടിയും വെളിച്ചെണ്ണയും ഉണക്ക മൽസ്യങ്ങളുമൊക്കെ മണിക്കൂറുകൾക്കുള്ളിൽ വിറ്റഴിക്കാൻ കഴിഞ്ഞതോടെ കുടുംബശ്രീ പ്രവർത്തകരും വർദ്ധിച്ച ആത്മവിശ്വാസത്തിലാണ്. കുടുംബശ്രീ പ്രവർത്തകരുടെ മാസ ചന്തയ്ക്ക് ലഭിച്ച ജനകീയത നഗരസഭ ഓണക്കാലത്ത് തോട്ടുവക്കത്തെ ശ്രീമൂലം മാർക്കറ്റിൽ ആരംഭിക്കുന്ന നാട്ടു ചന്തയ്ക്കും വലിയ പ്രചോദനമാണ് നൽകുന്നതെന്ന് നഗരസഭ ചെയർമാൻ പി.ശശിധരൻ പറഞ്ഞു. നാട്ടുച്ചന്ത ആരംഭിക്കുന്നതിനു ശ്രീ മുലനഗരം മാർക്കറ്റിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന് നഗരസഭ 10 ലക്ഷം രൂപയാണ് വിനിയോഗിക്കുന്നത്.ഇതിന്റെ ടെണ്ടർ നടപടികളും പൂർത്തിയായി.നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും നഗരസഭ ചെയർമാൻ പറഞ്ഞു.