കോട്ടയം: മദ്ധ്യതിരുവിതാംകൂറിലെ ക്ഷേത്രോത്സവങ്ങൾക്ക് തുടക്കം കുറിച്ച് അയ്മനം ശ്രീനരസിംഹസ്വാമി ക്ഷേത്തിൽ സെപ്തംബർ 3 ന് ഉത്സവം കൊടിയേറി 10ന് ആറാട്ടോടെ സമാപിക്കും. വിശേഷാൽപൂജകൾക്കും വഴിപാടുകൾക്കും പുറമെ കേരളത്തിലെ പ്രശസ്തരായ കലാകാരന്മാർ പങ്കെടുക്കുന്ന കലാവിരുന്നും ഉൾപ്പടെ വിപുലമായ ചടങ്ങുകളാണ് ഉത്സവത്തോടനുബന്ധിച്ച് ക്രമീകരിച്ചിരിക്കുന്നത്. 3ന് വൈകിട്ട് 6.30ന് തന്ത്രി കടിയക്കോൽ ഇല്ലത്ത് കൃഷ്ണൻ നമ്പൂതിരി കൊടിയേറ്റ് കർമ്മം നിർവഹിക്കും. 7.30ന് തോമസ് ചാഴിക്കാടൻ എം.പി സാംസ്കാരിക സമ്മേളവും ചലച്ചിത്ര സംവിധായകനും നടനുമായ ഗിന്നസ് പക്രു കലാപരിപാടികളും ഉദ്ഘാടനം ചെയ്യും. കെ. സുരേഷ് കുറുപ്പ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. രാത്രി 8.30ന് കോട്ടയം കെ.ആർ. രാജേഷ് നയിക്കുന്ന വയലിൻ ഫ്യൂഷനും ഗാനസന്ധ്യയും അരങ്ങേറും. തുടർന്നുള്ള ദിവസങ്ങളിൽ സംഗീതക്കച്ചേരി, തിരുവാതിരകളി, കീബോർഡ് ഫ്യൂഷൻ, കഥകളി, ഡാൻസ്, ദേശവിളക്ക്, ജുഗൽബന്ധി, കഥകളിപദക്കച്ചേരി, നാടൻപാട്ട്, ഗാനമേള, കരോക്കെ ഗാനമേള തുടങ്ങിയ കലാപരിപാടികൾ അരങ്ങേറും.