road

കടുത്തുരുത്തി: ഒരു ചെറുമഴ മതി, വാക്കേത്തറ റോഡിലൂടെയുള്ള കാൽനടയാത്ര പോലും ഏറെ ദുരിതപൂർണമാകാൻ ! റോഡിന്റെ ഇരുവശത്തും പാടശേഖരമായതിനാൽ മഴ പെയ്താൽ റോഡിലേക്ക് വെള്ളം പെട്ടെന്ന് കയറും. ഈ വെള്ളക്കെട്ട് 'നീന്തിക്കടന്നാണ്' കൊച്ചുകുട്ടികൾ ഉൾപ്പെടെ സ്കൂളിലേക്ക് പോകുന്നത്. ടാറിംഗ് നടത്താത്തതിനാൽ വാഹനയാത്രയും ഇതുവഴി ഏറെ ബുദ്ധിമുട്ടാണ്. ഈ സർക്കാരിന്റെ ആദ്യ ബഡ്ജറ്റിൽ 12 കിലോമീറ്റർ വരുന്ന റോഡിന്റെ നവീകരണത്തിനും സംരക്ഷണഭിത്തി നിർമ്മാണത്തിനുമായി 20 കോടി രൂപ അനുവദിച്ചിരുന്നെങ്കിലും രണ്ടു വർഷം പിന്നിട്ടിട്ടും മറ്റു നടപടികളൊന്നും ഉണ്ടായില്ല. 2009ൽ റോഡ് നവീകരണത്തിന് അഞ്ച് കോടി രൂപ അനുവദിച്ചതുവഴി ഇതിൽ ഉൾപ്പെടുത്തി മൂന്ന് പാലങ്ങൾ നിർമ്മിച്ചിരുന്നു. കടുത്തുരുത്തി-വൈക്കം മണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ റോഡ് മുണ്ടാർ, വക്കേത്തറ, കല്ലറ പ്രദേശങ്ങളിലെ നിരവധി കുടുംബങ്ങൾക്ക് ആശ്രയമാണ്. റോഡ് നിർമ്മാണം പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് അധികൃതർക്ക് പരാതികൾ നൽകിയിരുന്നതായി പ്രദേശവാസികൾ പറയുന്നു.