കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് ജോസ് കെ.മാണി വിഭാഗത്തിന് അനുകൂല നിലപാട് സ്വീകരിച്ച കോൺഗ്രസിനെതിരെ പി.ജെ.ജോസഫ് പരസ്യമായി രംഗത്തെത്തി. പാലാ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയത്തിൽ ഇത് പ്രതിഫലിക്കും. കെ.എം.മാണിയോട് കൂറുപുലർത്തിയിരുന്ന ഒരാളെ തന്നെ പാലായിൽ ജോസഫ് സ്ഥാനാർത്ഥിയാക്കുമെന്നാണ് അറിയുന്നത്. നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ തങ്ങൾക്ക് പാലാ വിട്ടുതരണമെന്ന് കോൺഗ്രസ് നേതൃത്വത്തോട് ജോസഫ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അനുരഞ്ജന ചർച്ചക്കിടയിൽ ആവശ്യപ്പെട്ടുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയിൽ കോൺഗ്രസ് സ്വീകരിച്ച നിലപാട് അംഗീകരിക്കാൻ സാധിക്കില്ലെന്നും പാലാ നിയമസഭാ തിരഞ്ഞെടുപ്പിൽ എന്ത് പ്രതിബന്ധങ്ങൾ ഉണ്ടായാലും തങ്ങൾ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുമെന്നും ജോസഫിനോടടുത്ത ഒരു നേതാവ് ഫ്ലാഷിനോട് പറഞ്ഞു.

യു.ഡി.എഫ് തകരാതിരിക്കാനാണ് ജോസ് വിഭാഗത്തിലെ സെബാസ്റ്റ്യൻ കുളത്തിങ്കലിന് വോട്ട് ചെയ്തതെന്നും അവർ പറയുന്നു. എന്നാൽ, ജോസ് കെ.മാണി സമ്മർദ്ദ തന്ത്രം പയറ്റിയതോടെയാണ് പ്രസിഡന്റ് സ്ഥാനം ജോസ് വിഭാഗത്തിന് നല്കാൻ കോൺഗ്രസ് പച്ചക്കൊടി കാട്ടിയത്. അവസാന നിമിഷം വരെ ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള നേതാക്കൾ ജോസിനെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവർക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കിട്ടിയേതീരൂ എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു. ഒരവസരത്തിൽ യു.ഡി.എഫ് വിടുമെന്നും ജോസ് കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചതായാണ് അറിയുന്നത്. എന്നാൽ ജോസഫും പ്രസിഡന്റ് സ്ഥാനത്തിനായി ഉറച്ചുനിന്നെങ്കിലും അവസാനം യു.ഡി.എഫിന്റെ ഐക്യം കാത്തു സൂക്ഷിക്കാൻ കോൺഗ്രസ് നി‌ർദ്ദേശത്തോട് സഹകരിക്കുകയായിരുന്നു.